നാല് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കാഡല്‍ ജിന്‍സണ്‍ രാജ പിടിയില്‍

0
332

തിരുവന്തപുരം: നന്തന്‍കോട് മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മകന്‍ കാഡല്‍ ജിന്‍സണ്‍ രാജ പിടിയില്‍.

നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ട് 117ല്‍ റിട്ട. പ്രഫസര്‍ രാജ തങ്കം (60), റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു. കൂടാതെ പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്ത ശേഷം കാഡല്‍ ജീന്‍സണ്‍ രാജ(30) ഒളിവില്‍ പോയതായി പൊലീസിെന്റ പ്രാഥമിക നിഗമനം.

ആസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009ലാണ് നാട്ടിലെത്തിയത്. പിന്നീട് വീട്ടിലിരുന്നുതന്നെ വിഡിയോ ഗെയിം നിര്‍മാണ ജോലി ചെയ്യുകയായിരുന്നു.

മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജില്‍ പ്രഫസറായിരുന്നു രാജ തങ്കം. രണ്ടു വര്‍ഷം മുമ്പാണ് വിരമിച്ചത്. കരോലിന്‍ ചൈനയില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. എം.ഡിക്കുള്ള തയാറെടുപ്പിലായിരുന്നു.

ജീന്‍ പദ്മ ജനറല്‍ ആശുപത്രിയില്‍ ആര്‍.എം ആയി വിരമിച്ച ശേഷം ഏതാനും വര്‍ഷം സൗദി, ബ്രൂണെ എന്നിവിടങ്ങളിലും ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ജോലി നോക്കിയിരുന്നു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി തീയണച്ച ശേഷം വീട് തുറന്നപ്പോള്‍ മുകള്‍ നിലയിലെ രണ്ട് ശൗചാലയങ്ങളിലായി മൃതദേഹങ്ങള്‍ കണ്ടു. രാജ തങ്കം, ജീന്‍ പദ്മ, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചനിലയിലായിരുന്നു. ഇവ തിരിച്ചറിയാനാവാത്ത വിധമാണ്. ലളിതയുടെ മൃതേദഹം മറ്റൊരു ശൗചാലയത്തില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പെട്രോള്‍ ഒഴിച്ചനിലയിലായിരുന്നു. അഴുകിയ നിലയിലുള്ള ലളിതയുടെ മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

പലദിവസങ്ങളിലായി കൃത്യം നടത്തിയിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍. മയക്കുമരുന്നോ മറ്റോ നല്‍കിയശേഷമാണ് കൊല നടത്തിയതെന്നും സംശയിക്കുന്നു. സംഭവ സ്ഥലത്തുനിന്ന് രണ്ട് വെട്ടുകത്തി, രക്തം പുരണ്ട മഴു, കന്നാസില്‍ പെട്രോള്‍ എന്നിവ കണ്ടെത്തി.

LEAVE A REPLY