സിസ്റ്റര്‍ സിറ്റി പദ്ധതിക്ക് തുടക്കമായി

0
165

അമേരിക്കന്‍ പ്രവാസി മലയാളികള്‍ കേരളത്തിലെ ഇരുപത്തിഞ്ചിലധികം നഗരങ്ങളെ അമേരിക്കയിലെ പ്രമുഖ നഗരങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്ന “സിസ്റ്റര്‍ സിറ്റി’ പദ്ധതിക്ക് തുടക്കമായി. നോര്‍ത്ത് അമേരിക്കയിലെ അയ്യായിരത്തിലധികം വരുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ആഗോള സംഘടനയായ “നൈപി’ ന്റെ നേതൃത്വത്തില്‍ പ്രമുഖ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ, നൈന തുടങ്ങിയ സംഘടനകളാണ് ഈ പദ്ധതിയില്‍ സഹകരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരത്തേയും ഫിലാഡല്‍ഫിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സിസ്റ്റര്‍ സിറ്റി പദ്ധതിക്കാണ് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികള്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തുന്നതാണ്. കോട്ടയം ക്ലബുമായി സഹകരിച്ചുകൊണ്ടാണ് വിദേശ മലയാളികള്‍ കോട്ടയത്ത് ഈ ക്യാമ്പ് നടത്തുന്നത്. മുപ്പതോളം ടെസ്റ്റുകള്‍ അടങ്ങിയ ക്യാമ്പാണ് പ്രാരംഭഘട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ഓരോ ക്യാമ്പുകള്‍ കഴിയുംതോറും വിപുലപ്പെടുത്തുന്നതായിരിക്കും. ചെലവു കുറഞ്ഞ ടെസ്റ്റിംഗ് രീതികളാണ് ക്യമ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പില്‍ ലഭിക്കുന്നതാണ്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആവശ്യമായ എല്ലാ ചികിത്സാ സഹായവും ലഭ്യമാക്കുകയെന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

നിലവില്‍ ഇന്ത്യയില്‍ മംഗളൂരൂ, മുംബൈ, ഡല്‍ഹി തുടങ്ങിയ മെട്രോ സിറ്റികള്‍ക്കു മാത്രമേ ഇന്ത്യയ്ക്കു പുറത്ത് ഏതെങ്കിലും രാജ്യുവുമായി സിസ്റ്റര്‍ സിറ്റി പദ്ധതി നിലവില്‍ ഉള്ളൂ. ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കേരളവും ഈ നിലയിലേക്ക് ഉയരുകയാണ്. സിസ്റ്റര്‍ സിറ്റി പ്രവര്‍ത്തികമാകുന്നതോടെ കോട്ടയം നഗരത്തിലെ നിവാസികള്‍ക്ക് ഫിലാഡല്‍ഫിയയിലെ ജനങ്ങളുമായി ബന്ധപ്പെടാനും അവരുടെ സാംസ്കാരിക- സാമൂഹിക പശ്ചാത്തലങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഇതുകൂടാതെ ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് നിരവധി നിക്ഷേപ പദ്ധതികളും, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ബിസിനസ് അവസരങ്ങള്‍ എന്നിവ ലഭിക്കുന്നതാണ്.

സിസ്റ്റര്‍ സിറ്റികൊണ്ടുള്ള പ്രയോജനങ്ങള്‍:
* കേരളത്തിലേക്കുള്ള അമേരിക്കന്‍ കമ്പനികളുടെ നിക്ഷേപം
* വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠന സൗകര്യം
* ഏറ്റവും മികച്ച വ്യാപാര സഹകരണം
* ടൂറിസം വികസനം
* സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം
* ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥാപനങ്ങളുമായുള്ള സാമൂഹിക സഹകരണം
* ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി
* ഭാഷ മെച്ചപ്പെടുത്താനുള്ള അവസരം
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക- സാങ്കേതിക സഹായം
* അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക (മാലിന്യനിര്‍മ്മാജ്ജനം, കുടിവെള്ളം, റോഡുകള്‍ എന്നിവ)
* തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് സിസ്റ്റര്‍ സിറ്റി സന്ദര്‍ശിച്ച് അവിടുത്തെ മികച്ച മാതൃകകള്‍ പഠിക്കാനുള്ള അവസരങ്ങള്‍.

ഇതുകൂടാതെ മറ്റു അനവധി പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതാണ്

ജോയിച്ചന്‍ പുതുക്കുളം

LEAVE A REPLY