മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഇനിമുതൽ 23 വയസ്

0
47

മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രായപരിധി 21-ല്‍ നിന്ന് 23 വയസ്സായി ഉയർത്തിക്കൊണ്ട് അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പരാതികള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുതപദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇടുക്കി- ഉടുമ്പന്‍ചോല താലൂക്കില്‍ കാന്തിപ്പാറ വില്ലേജില്‍ 83.98 ആര്‍ പുറമ്പോക്ക് ഭൂമി, പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് ധാന്യസംഭരണശാല നിര്‍മ്മിക്കുന്നതിനായി നല്‍കാന്‍ തീരുമാനിച്ചു. കൊച്ചി സിറ്റി പൊലീസ് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് 34.95 ആര്‍ റവന്യൂ പുറമ്പോക്ക് ഭൂമി, ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ആഭ്യന്തര വകുപ്പിന് ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിച്ചു. തൃശ്ശൂര്‍ കേരള ഫീഡ്‌സിലെ മാനേജീരിയല്‍, മേല്‍നോട്ട വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ചാല കമ്പോളത്തില്‍ 14-11-2014-ന് ഉണ്ടായ തീപിടുത്തംമൂലം നഷ്ടം സംഭവിച്ച കട ഉടമകള്‍ക്കും വാടകക്കാര്‍ക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു.

LEAVE A REPLY