ചിത്രയെ പങ്കെടുപ്പിക്കാതെ എന്ത്‌ നേടിയെന്ന്‌ ഹൈക്കോടതി; കോടതിയലക്ഷ്യത്തില്‍ നോട്ടീസ്‌

0
299

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കാത്ത അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യക്ക്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

മീറ്റില്‍ പങ്കെടുപ്പിക്കാതെ ഫെഡറേഷന്‍ തന്നെ യോഗ്യതയുള്ള താരങ്ങളെ തോല്‍പ്പിച്ചെന്ന്‌ ഹൈക്കോടതി കുറ്റപ്പെടുത്തി. ലോകമീറ്റില്‍ ചിത്രയെ പങ്കെടുപ്പിക്കാതെ എന്ത്‌ നേടിയെന്നും ഹൈക്കോടതി ചോദിച്ചു.

ചിത്രയുടെ കോടതിയലക്ഷ്യ കേസില്‍ ഫെഡറേഷന്‌ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. ഹര്‍ജിയില്‍ ആഗസ്‌ത്‌ 22ന്‌ വീണ്ടും വാദം കേള്‍ക്കും.

പി യു ചിത്രയെ തഴഞ്ഞ നടപടിയില്‍ രൂക്ഷമായ വിമര്‍ശനമാണ്‌ ഹൈക്കോടതി അത്‌ലറ്റിക്‌ ഫെഡറേഷനെതിരെ നടത്തിയത്‌.

അത്‌ലറ്റിക്‌ ലോക ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ ഫെഡറേഷന്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ്‌ ചിത്ര കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്‌തത്‌. സമയപരിധി കഴിഞ്ഞുവെന്ന്‌ ചൂണ്ടികാണിച്ചാണ്‌ ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ അറിയിച്ചത്‌.

അത്‌ലറ്റുകളെ തെരഞ്ഞെടുത്ത നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. ഗുണ്ടൂരിലെ മീറ്റില്‍ മത്സരിക്കാത്തവരെയും ലോക മീറ്റിന്‌ അയച്ചു.

താരങ്ങളെ ഇങ്ങനെ ഒഴിവാക്കുന്നതെന്തിന്‌. താരങ്ങള്‍ക്ക്‌ അവസരം നല്‍കുകയാണ്‌ വേണ്ടത്‌. ഏഷ്യന്‍ മീറ്റില്‍ വിജയിക്കുന്നവര്‍ക്ക്‌ ലോക മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലേയെന്നും കോടതി ചോദിച്ചു.

തെറ്റ്‌ ചെയ്‌തിട്ടും ഫെഡറേഷന്‍ ന്യായീകരിക്കുന്നതെന്തിനെന്നും പിയു ചിത്രയ്‌ക്ക്‌ അവസരം നഷ്ടപ്പെടുത്തിയിട്ട്‌ ഫെഡറേഷന്‍ എന്തു നേട്ടമാണുണ്ടായതെന്നും പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം നിരാശപ്പെടുത്തുന്നത്‌ എന്തിനാണെന്നും തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു.

LEAVE A REPLY