കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ
കൊച്ചി: മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് ഹൈക്കോടതി ഉപാധികളോടെ സ്റ്റേ അനുവദിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. ഈ കാലയളവില്‍ കൊടിക്കുന്നിലിന് ലോക്സഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കണം. പാര്‍ലമെന്റ് സമിതികളുടെ യോഗങ്ങളില്‍ പങ്കെടുക്കരുത്. ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് എം.ശശിധരന് നമ്പ്യാരാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് സാവകാശമനുവദിച്ച്, വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് കൊടിക്കുന്നില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തിങ്കളാഴ്ച ഉത്തരവുണ്ടായത്. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് എറണാകുളത്തെത്തിയാണ് ഹര്‍ജി നല്‍കിയത്.
പാര്‍ലമെന്റംഗമെന്ന നിലയില്‍ പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമസമിതി അംഗം, ഗ്രാമ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനം ആഗസ്ത് 27 വരെയാണ്. ഇതിനിടെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് മണ്ഡലത്തിന്റെയും പൊതുജനങ്ങളുടേയും ഉത്തമതാല്പര്യത്തെയും പാര്‍ലമെന്റംഗമെന്ന നിലയില്‍ തന്റെ അവകാശത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.