ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നേവാളിനായിരിക്കും ഈ വര്‍ഷത്തെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ്ഗാന്ധി ഖേല്‍രത്ന. ഒളിംപ്യന്‍ പി.ടി.ഉഷ അധ്യക്ഷയായ സമിതിയാണ് അവാര്‍ഡിനായി സൈനയുടെ പേര് ശുപാര്‍ശ ചെയ്തത്. ഈ വര്‍ഷം ഒരു കായികതാരത്തിന് മാത്രമേ ഖേല്‍രത്ന സമ്മാനിക്കുന്നുള്ളൂ.
പ്രകാശ് പദുക്കോണിനുശേഷം ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും മികച്ച ബാഡ്മിന്റണ്‍ താരമാണ് ലോക രണ്ടാം റാങ്കുകാരിയായ സൈന. കഴിഞ്ഞയാഴ്ചയാണ് സൈന ലോകറാങ്കങ്ങില് രണ്ടാം സ്ഥാനം നേടിയത്. ഈ വര്‍ഷം മാത്രം രണ്ട് സൂപ്പര്‍ സീരീസ് കിരീടം നേടിയ സൈന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലിലും സൂപ്പര്‍ സീരീസ് മാസ്റ്റേഴ്സ് ഫൈനല്‍സിന്റെ സെമിയിലും പ്രവേശിച്ചിരുന്നു. ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, ഇന്ത്യ ഓപ്പണ്‍ ഗ്രാന്‍പ്രീ എന്നിവയിലാണ് സൈന ഈ വര്‍ഷം കിരീടം ചൂടിയത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ കൂടിയാണ് ഇരുപതുകാരിയായ സൈന.
ഹൈദരാബാദ് സ്വദേശിയായ സൈന ഇപ്പോള്‍ പി. ഗോപിചന്ദിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
അവാര്‍ഡിന് തന്റെ പേര് ശുപാര്‍ശ ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൈന പറഞ്ഞു. ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണിത്. എനിക്കും ഇതൊരു സ്വപ്നസാക്ഷാത്കാരം തന്നെ. ഒരുപാട് ആത്മവിശ്വാസവും ഉത്തേജനവും പകരുന്നതായിരിക്കും അവാര്ഡ്ലബ്ധി-സൈന പറഞ്ഞു.
മലയാളി അത്ലറ്റ് ജോസഫ് അബ്രഹാമിന്റെയും വോളിബോള്‍താരം കപില്‍ദേവിന്റെയും പേരുകള്‍ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.