|
ദുബൈ: കേരളീയ സംസ്കാരത്തിന് അനര്‍ഘ സംഭാവനകളര്‍പ്പിച്ച മഹാകവി പുലിക്കോട്ടില്‍ ഹൈദറിന് ഉചിതമായ സ്മാരകമെന്ന സ്വപ്നത്തിന് മുപ്പത് കൊല്ലത്തെ പഴക്കം. 1979 ഏപ്രില്‍ ഒമ്പതിന് അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ്കോയ പുലിക്കോട്ടില്‍ ഹൈദറിന്റെ ജന്മദേശമായ വണ്ടൂരിന്റെ സ്മാരകത്തിന് തറക്കല്ലിട്ടെങ്കിലും അതിന്നും അതേപടി കിടക്കുകയാണ്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ബ്ലോക്കില്‍ പെട്ട് പുന്നപ്പാല അംശത്തില്‍ പുലിക്കോട്ടില്‍ പുലത്ത് ഐത്തു അധികാരിയുടെ രണ്ടാമത്തെ മകനായി 1879ല്‍ ജനിച്ച ഹൈദര്‍ സാധാരണക്കാരുടെ ചുണ്ടുകളില്‍ തങ്ങിനില്ക്കുന്ന ലളിത കോമളമായ മാപ്പിളപ്പാട്ടുകള്‍ക്ക് ജന്മം നല്കിയ മഹാകവിയായിരുന്നു.
ജിന്ന്, ഹൂറി ഖിസ്സകള്‍ പറഞ്ഞിരുന്ന മാപ്പിള ഗാനങ്ങളില്‍ മാപ്പിളപ്പെണ്ണിന്റെ നോവുകളും നൊമ്പരങ്ങളും തേന്മൊഴികളും തേങ്ങലുകളും ഇതിവൃത്തമാക്കിയ ആദ്യത്തെ മാപ്പിള കവിയെന്ന വിശേഷണത്തിനുടമയായ പുലിക്കോട്ടിലിനെ മാപ്പിളപ്പാട്ട് ശാഖയിലെ കുഞ്ചന്‍ നമ്പ്യാരെന്നാണ് അക്കാലത്ത് വിളിച്ചിരുന്നത്. മാപ്പിളപ്പാട്ടുകളെ ജനസാമാന്യത്തിന്റെ ജീവിതത്തോടും ഭാഷയോടും അടുപ്പിച്ച ഹൈദര്‍ വിപുലവും വിശദവുമായി ഭാഷാ പ്രയോഗരീതി തെളിയിക്കുക കൂടി ചെയ്തു. നര്‍മ മധുരവും ഭാവ പുഷ്കലവുമായ ഗാനങ്ങള്‍ കൊണ്ട് അര നൂറ്റാണ്ടുകാലം മലബാറിനെ പുളകമണിയിച്ച ഈ മഹാകവിയുടെ പേരില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്മാരകത്തിന് വേണ്ടി സഹൃദരുടെ സഹായം തേടുകയാണ് സ്മാരക സമിതി. 50 ലക്ഷം രൂപ മതിപ്പു ചെലവ് കണക്കാക്കി നിര്‍മിക്കുന്ന സ്മാരകത്തില്‍ മലബാറിന്റെ സാംസ്കാരിക പാരമ്പര്യവും ചരിത്രവും സംരക്ഷിക്കാനുള്ള സംവിധാനമൊരുക്കുന്നതോടൊപ്പം കലാരൂപങ്ങള്‍, വേഷം തുടങ്ങിയവയെല്ലാം പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം, അറബി, മലയാളം ലിപിയില്‍ പരന്നു കിടക്കുന്നു അമൂല്യ രേഖകളുടെ ശേഖരണം അടങ്ങുന്ന റഫറന്‍സ് ലൈബ്രറി, നാടന്‍ കലാ പഠന കേന്ദ്രം, പ്രസാധന വിഭാഗം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഓഡിറ്റോറിയം, ഓഫീസ് കം സ്റ്റോര്‍ റൂം, മാപ്പിള കലകള്‍ പഠിപ്പിക്കുന്ന കേന്ദ്രം, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയാണ് ലക്ഷ്യമാക്കുന്നത്. മാപ്പിളപ്പാട്ടു രചയിതാക്കളുടെ മുഖ്യ കൃതികള്‍ പാരമ്പര്യ രീതിയില്‍ പാടിപ്പിച്ച് സി.ഡിയിലാക്കി സൂക്ഷിക്കാനും മാപ്പിളപ്പാട്ടുകളുടെ വിവിധ വശങ്ങളെക്കുറിച്ച് ഗവേഷണ പഠനങ്ങള്‍, മാപ്പിള കവികളുടെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനും സിംബോസിയങ്ങളും സെമിനാറുകളും അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കാനും അവാര്‍ഡുകള്‍ നല്‍കാനും പദ്ധതിയുണ്ട്. പരേതനായ പി. സീതിഹാജിയായിരുന്നു സ്മാരക സമിതിയുടെ പ്രഥമ പ്രസിഡന്റ്. അദ്ദേഹത്തിന്റെ മരണ ശേഷം എം.പി.എം ഇസ്ഹാഖ് കുരിക്കള്‍ ഈ സ്ഥാനം വഹിച്ചു. എം.പി ഹസ്സന് മഹ്മൂദ് കുരിക്കള്‍ ചെയര്‍മാനും ഡോ. കൊരമ്പയില്‍ മുഹമ്മദ്ഹാജി വൈസ് ചെയര്‍മാനും പി.പി റഹ്മത്തുല്ല ജന. സെക്രട്ടറിയും ആസാദ് വണ്ടൂര്‍, നവാസ് പൂനൂര്, ഇ. സാദിഖലി സെക്രട്ടറിമാരും പി. ശംസുദ്ദീന്‍ ഖജാന്‍ജിയും നിര്മാണ് മുഹമ്മദലി, കിളിയമണ്ണില്‍ ഫസല്‍, കെ.ടി റഷീദ്, ഒ.എം കരുവാരക്കുണ്ട്, എം.ഐ. തങ്ങള്‍, പി.പി അബ്ദുല്ലക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് ഇതിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്.
|