അയോധ്യ പോലെ മുത്തലാഖ്: വിശ്വാസത്തിന്റെ കാര്യം

0
344

മുത്തലാഖ് 1400 വര്‍ഷമായി ഇസ്‌ലാം മതവിശ്വാസികള്‍ക്കിടയിലുള്ള കാര്യമാണെന്നും അത് അനിസ്‌ലാമികമാണെന്ന് പറയാന്‍ ആര്‍ക്കുമാവില്ലെന്നും മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡ്.

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിനിടെയാണ് ബോര്‍ഡ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എഡി 637 മുതല്‍ മുത്തലാഖ് നിലവിലുണ്ട്. അത് അനിസ്ലാമികമാണെന്ന് പറയാന്‍ നമുക്കാവില്ല. 1400 വര്‍ഷമായി ഇസ്‌ലാം മതവിശ്വാസികള്‍ പിന്തുടരുന്ന പാരമ്പര്യമാണിത്.

അത് വിശ്വാസത്തിന്റെ കാര്യമാണ്. ഭരണഘടനാപരമായ സദാചാരമോ നീതിയോ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ല. പേഴ്‌സണല്‍ ലോ ബോര്‍ഡിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ വാദിച്ചു.
ശ്രീരാമന്‍ ജനിച്ചത് അയോദ്ധ്യയിലാണെന്ന വിശ്വാസം നിലനില്‍ക്കുമെങ്കില്‍ മുസ്‌ളിം വിശ്വാസത്തിന്റെ ഭാഗമായ മുത്തലാഖും നിലനില്‍ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമന്‍ അയോധ്യയില്‍ ജനിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നെങ്കില്‍ അത് വിശ്വാസത്തിന്റെ കാര്യമാണ്. അത് ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. കബില്‍ സിബല്‍ പറഞ്ഞു.

മുസ്ലീം വിവാഹവും വിവാഹ മോചനവും മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വിവാഹവും വിവാഹ മോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നം. ഹദീസില്‍ ഇക്കാര്യം പറയുന്നുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തി നിയമങ്ങള്‍ ഉണ്ടാവുന്നത് മതത്തില്‍ നിന്നാണോയെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഖുറാന്‍ അടിസ്ഥാനമാക്കിയാണ് വ്യക്തി നിയമങ്ങളുണ്ടാക്കിയതെന്നും അതിന് ഭരണഘടനാ സാധുതയുണ്ടെന്നുമായിരുന്നു ബോര്‍ഡിന്റെ മറുപടി.കേസില്‍ വാദം തുടരുകയാണ്.

വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബഞ്ചിലുള്ളത്. (Mathrubhumi)

LEAVE A REPLY