സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു നാട്ടിയതിന്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ തലവന്‍ ടോം സക്കറിയക്കെതിരെ കേസ്‌

0
196

മൂന്നാര്‍: ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ തലവന്‍ ടോം സക്കറിയക്കെതിരെ കേസെടുത്തു. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ ഗ്രൂപ്പ്‌ മേധാവിക്കെതിരെ പൊലീസ്‌ കേസെടുത്തത്‌. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ്‌ കേസെടുത്തത്‌.

വാഹനം ഉപയോഗിച്ച്‌ റവന്യു വകുപ്പ്‌ ഉദ്യോഗസ്ഥരെ തടഞ്ഞതിന്‌ പൊറിഞ്ചു എന്നയാള്‍ക്കെതിരെയും കേസെടുത്തു. മണ്ണുത്തി സ്വദേശിക്കെതിരെയാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമായ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ മേധാവിയാണ്‌ ടോം സക്കറിയ. പ്രാര്‍ഥനാ ഗ്രൂപ്പ്‌ സ്ഥാപകന്‍ കൂടിയായ വെള്ളൂക്കുന്നേല്‍ ടോം സക്കറിയയ്‌ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ. ഷാജി ശാന്തന്‍പാറ പൊലീസിനോട്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി.

സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പ്രാര്‍ഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ്‌ തറയില്‍ സ്ഥാപിച്ചിരുന്ന കുരിശും മൂന്ന്‌ ഷെഡുകളുമാണ്‌ പൊളിച്ചുമാറ്റിയത്‌. ഒരു ടണ്‍ ഭാരമുള്ള ഇരുമ്പ്‌ കുരിശ്‌ നീക്കം ചെയ്യുകയും ഷെഡുകള്‍ പൊളിച്ച്‌ കത്തിക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY