‘കാമുകിയ്‌ക്കൊപ്പമുള്ള യാത്ര ഒഴിവാക്കാന്‍ ‘വിമാനം റാഞ്ചുമെന്ന്‌ വ്യാജ സന്ദേശം അയച്ച യുവാവ്‌ അറസ്റ്റില്‍

0
146

ഹൈദരാബാദ്‌ :പെണ്‍ സുഹൃത്തുമൊത്തുള്ള യാത്ര ഒഴിവാക്കാന്‍ വിമാനം റാഞ്ചാന്‍ ചിലര്‍ പദ്ധതിയിടുന്നെന്ന്‌ പൊലീസിന്‌ വ്യാജ സന്ദേശം അയച്ച യുവാവ്‌ അറസ്റ്റില്‍.

ഹൈദരാബാദ്‌ മിയാപുരിലെ ബിസ്സിനസ്സുകാരനായ വംശി ചൌധരിയാണ്‌ യാത്ര ഒഴിവാക്കാന്‍ ഏപ്രില്‍ 15ന്‌ വ്യാജ സന്ദേശമയച്ചതിന്‌ അറസ്റ്റിലായത്‌.

വംശി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ചെന്നൈ സ്വദേശിയായ സ്‌ത്രീ തനിക്ക്‌ മുംബൈയിലേക്കും ഗോവയിലേക്കും യാത്രപോകാന്‍ ടിക്കറ്റ്‌ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

മുംബൈയില്‍ വെച്ച്‌ പരസ്‌പരം കാണാമെന്നും ഇവര്‍ വംശിയോട്‌ പറഞ്ഞു. എന്നാല്‍ പെണ്‍സുഹൃത്ത്‌ ആവശ്യപ്പെട്ട പ്രകാരം ടിക്കറ്റ്‌ എടുത്ത്‌ നല്‍കാനും തുടര്‍ന്നുള്ള ചിലവുകള്‍ക്കും കാശില്ലാതിനാല്‍ വ്യാജ ടിക്കറ്റാണ്‌ വംശി ഇവര്‍ക്ക്‌ എടുത്ത്‌ നല്‍കിയത്‌.

തുടര്‍ന്ന്‌ ഏപ്രില്‍ 15ന്‌ ഹൈദരാബാദില്‍നിന്നുള്ള ഒരു സ്‌ത്രീ എന്ന പേരില്‍ വംശി ചിലര്‍ വിമാനം ഹൈജാക്ക്‌ ചെയ്യുമെന്ന വ്യാജ സന്ദേശം മുബൈ പോലീസിന്‌ ഇമെയില്‍ വഴി അയച്ചു.

ആറ്‌ പേരടങ്ങുന്ന സംഘം ചെന്നൈയില്‍ നിന്നും മുബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന വിമാനം ഹൈജാക്ക്‌ ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു സന്ദേശം.

റാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന്‌ പെണ്‍സുഹൃത്ത്‌ വിമാനയാത്ര ഒഴിവാക്കാനാണ്‌ വംശി ഇത്തരം ഒരു നീക്കം നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഐ പി അഡ്രസ്സ്‌ പിന്തുടര്‍ന്നാണ്‌ അന്വേഷണം വംശിയിലേക്കെത്തിയത്‌.

വിമാനറാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന്‌ മുംബൈ, ഹൈദരാബാദ്‌, ചെന്നൈ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.

LEAVE A REPLY