പൊലീസ്‌ സ്റ്റേഷനില്‍ എടാ,പോടാ വിളി വേണ്ടന്ന്‌ മന്ത്രി ജി സുധാകരന്‍

0
438

പൊലീസ്‌ സ്റ്റേഷനില്‍ എടാ, എടീ, പോടീ, പോടാ വിളി വേണ്ടെന്ന്‌ മന്ത്രി ജി സുധാകരന്‍. പണ്ട്‌ ഇതൊക്കെ ചെയ്‌തിരുന്നു. ചിലര്‍ ഇപ്പോഴും ചെയ്യുന്നു. പൊലീസ്‌ സ്റ്റേഷനില്‍ ചീത്തപറച്ചിലും ഭീഷണിയും പാടില്ല. ഇത്‌ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

പള്‍സര്‍ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ അഭിഭാഷകര്‍ ഉന്നയിച്ച വാദങ്ങളെയും മന്ത്രി കണക്കിന്‌ പരിഹസിച്ചു. എറണാകുളത്ത്‌ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സി.ജെ.എം. കോടതിയുടെ പ്രതിക്കൂട്ടില്‍ കയറിനിന്നു. ഇങ്ങനെ നിന്നാല്‍ രക്ഷപ്പെടാമെന്ന്‌ എതോ വക്കീലാണ്‌ ഉപദേശിച്ചത്‌. പൊലീസ്‌ അവിടെനിന്ന്‌ പ്രതിയെ പിടിച്ചു.

സംസ്ഥാനത്തെ 99 ശതമാനം ജനങ്ങളും ഇതു ശരിയാണെന്നനിലയില്‍ അനുകൂലിച്ചു. എന്നാല്‍, ശരിയായില്ലെന്നാണ്‌ ചിലര്‍ പറയുന്നത്‌. വക്കീലായതു കൊണ്ട്‌ നിയമത്തിനു മുകളിലാണെന്ന്‌ ചിലര്‍ ധരിച്ചിട്ടുണ്ട്‌. ജഡ്‌ജി ഉള്ളപ്പോഴേ അതു കോടതിയാവൂ.

ജഡ്‌ജി പറയാതെ ആര്‍ക്കും പ്രതിക്കൂട്ടില്‍ക്കയറി നില്‍ക്കാനാവില്ല. അക്രമം നടത്തിയിട്ട്‌ ഓടിക്കയറി നില്‍ക്കാനുള്ളതല്ല പ്രതിക്കൂട്‌. മോഷണം നടത്തിയിട്ട്‌ കള്ളന്മാരെല്ലാം പ്രതിക്കൂട്ടില്‍ക്കയറി രക്ഷപ്പെടാമെന്ന്‌ വിചാരിച്ചാലോ? വക്കീലിന്റെ വേഷമിട്ട്‌ ആള്‍മാറാട്ടം നടത്തി മതില്‍ ചാടിക്കടന്ന്‌ എത്തിയതിന്‌ പൊലീസ്‌ പ്രത്യേക കേസെടുക്കണം.

കോടതിയില്‍ നിന്ന്‌ പൊലീസ്‌ കെട്ടിപ്പിടിച്ച്‌ പ്രതിയെ പിടിക്കണമെന്നാണ്‌ ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY