അന്ത്യം അരികിലുണ്ട്

0
1329

ഒരു മണിക്കൂറില്‍ നാല്പത്തിഅയ്യായിരം മൈല്‍ വേഗതയില്‍ ഒന്‍പതു മൈല്‍
വീതിയുള്ള ഉല്‍ക്ക അന്തരീക്ഷത്തിലൂടെ കത്തി ജ്വലിച്ച് ഭൂമിയിലേക്ക്‌ ഇടിച്ചു
കയറി. മെക്സിക്കോയിലെ ചിക്ക് സൂ ലൂബ് എന്ന ചെറിയ പട്ടണത്തിനടുത്ത്
അറുപത്തന്‍ഞ്ചടി താഴ്ച്ചയുള്ള സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ഇരുപതു മൈല്‍
ആഴത്തിലും നൂറ്റിപത്തു മൈല്‍ നീളത്തിലും ഒരു ഗര്‍ത്തം രൂപപെട്ടു. ഇടിയുടെ
ആഘാതത്തില്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള പാറക്കൂട്ടങ്ങൾ ഉരുകി ഒലിച്ച്
ദ്രാവകാവസ്ഥയില്‍ ആയിത്തീര്‍ന്നു. റിച്ചര്‍ സ്കേലില്‍ 12 തീവ്രതയുള്ള
ഭൂമികുലക്കം പര്‍വത ശിഖരങ്ങളെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തു
തരിപ്പണമാക്കി. 600 മൈല്‍ വേഗതയില്‍ കൊടുംകാറ്റടിച്ച് നോര്‍ത്ത്
അമേരിക്കയിലെയും മെക്സിക്കോയിലെയും വൃക്ഷലതാദികൾ നിലംപരിശാക്കി.
ടെക്സസിലെയും ഫ്ളോറിഡയിലെയും കടൽത്തീരങ്ങളിൽ നൂറടിയിൽ കൂടുതൽ
ഉയരത്തിലുള്ള സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 36000 ഡിഗ്രി
ഫാരൻഹൈറ്റിലുള്ള തീ ജ്വാലകൾ അമേരിക്കൻ ഭൂഖണ്ഡത്തെ ചുട്ടു ചാമ്പലാക്കി .
ഇടിയുടെ ആഘാതത്തിൽ ഉയർന്നു പൊന്തിയ സൾഫറും, പൊടിപടലവും
അനേകവർഷം ഭൂമിയെ അന്ധകാരത്തിലാഴ്ത്തി . സൂര്യപ്രകാശം ലഭിക്കാതെ,
പ്രകാശസംശ്ലേഷണം സാധ്യമാകാത്തതുമൂലം ഉണങ്ങി നശിച്ച കാടുകളിൽ,
അഗ്നി , സംഹാര താണ്ഡവം നടത്തി. ഭൂമിയിലെ കരപ്രദേശം മുഴുവൻ ചാര
കൂമ്പാരമായപ്പോൾ, ജീവൻ നഷ്ടപെട്ട കടൽ -ജീവികളാൽ സമുദ്രത്തിന്റെ
അടിത്തട്ട് മൂടപ്പെട്ടു
660 ലക്ഷം വർഷത്തിനുമുമ്പ് ഭൂമിയിൽ സംഭവിച്ച ഈ പ്രതിഭാസത്തിലൂടെ
അന്ന് നിലനിന്നിരുന്ന 75 ശതമാനം ജീവജാലങ്ങളും അപ്രത്യക്ഷമായി. കരയിൽ
വസിച്ചിരുന്ന 55 പൗണ്ടിൽ കൂടുതൽ ഭാരമുള്ള ജീവികൾക്കൊന്നുംതന്നെ
നിലനിൽക്കാൻ സാധിച്ചില്ല. അങ്ങനെ 1800 ലക്ഷം വർഷങ്ങൾ നീണ്ടു നിന്ന
ഡൈനസോറുകളുടെ വംശം നാമാവശേഷമായി. ഉരഗ വർഗ്ഗത്തിലെ
ബഹുഭൂരിപക്ഷം ജീവികളുടെയൂം തിരോധാനം, ഭൂമുഖത്ത് പുതിയ ഒരു
വർഗത്തിന്റെ ആധിപത്യത്തിന് കാരണമായി. സസ്തനങ്ങൾ!!!.
ഡൈനസോറുകളുടെ വംശ നാശത്തിന്റെ കാരണങ്ങൾ അന്വേഷിച്ച ശാസ്ത്രജ്ഞ
സംഘം 660 ലക്ഷം വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ “ഇറിഡിയം” എന്ന
മൂലകത്തിന്റെ അതി സാന്നിധ്യം ഫോസിൽ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു.
ഭൂമിയിൽ സാധാരണ കാണപെടാത്തതും ഉൽക്കകളിൽ കാണപെടുന്നതുമായ
ഈ മൂലകം പൊടുന്നനെ ഭൂമിയിൽ അധികതോതിൽ എത്താൻ കാരണം
ഉൽക്കാപാതം മൂലമാണെ ന്ന് അനുമാനിച്ചു. പതിച്ച സ്ഥലത്തെക്കുറിച്ചുള്ള
അന്വേഷണം ശാസ്ത്രജ്ഞരെ, മെക്സിക്കോയിലെ, യുക്കെട്ടാൻ പെനിൻസുലേക്ക്
വടക്കുഭാഗത്തുള്ള ചിക്ക് സൂ ലൂബിലെ കടലിടുക്കിലേക്ക് കൊണ്ടെത്തി ച്ചു.
ലണ്ടനിലെ ഇമ്പീരിയൽ കോളേജിലെ ശാസ്ത്രജ്ഞ, ജോഹാന്ന മോർഗന്റെ
നേതൃത്വത്തിലുള്ള സംഘം 1996 ൽ എയർ ഗൺ ഉപയോഗിച്ച് മൂന്നു മാസം
നടത്തിയ സീസ്മിക് പഠനത്തിലൂടെ ഉൽക്ക പതിച്ച കൃത്യ സ്ഥലം കണ്ടെത്തി.
അതിന് ചുറ്റും വലയ രൂപത്തിൽ ഉടലെടുത്ത ഭൂ വിഭാഗം, ഉൽക്കാപാതം

മൂലം ചന്ദ്രനിൽ നിലനിൽക്കുന്ന “ഷ്രോഡിങ്ങർ കിടങ്ങിനോട് ” വളരെ
അധികം സാമ്യമുണ്ടെന്നും കണ്ടെത്തി. ആഹാതം നടന്ന സ്ഥലം ഡ്രിൽ ചെയ്ത്
വിവിദ ആഴത്തിലുള്ള പാറ സാമ്പിൾ ശേഖരിച്ച് പഠനം നടത്തി ഏതു
തരത്തിലുള്ള ജീവികളാണ് ആദ്യം ഈ പ്രദേശത്തേക്ക് തിരികെ
വസിക്കാനെത്തിയതെന്ന് കണ്ടുപിടിക്കാനാണ് ശാസ്ത്രജ്ഞർ ഇപ്പോൾ
ശ്രമിക്കുന്നത് . എണ്ണ ഖനനത്തിനുപയോഗിക്കുന്ന റിഗ് സ്ഥാപിച്ച് 5000 അടി
താഴ്ച വരെയുള്ള സാമ്പിളുകൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. കടലിനടിയിലെ
പാറ തുരന്നെടുക്കുന്ന സിലണ്ടർ ആകൃതിയിലെ 10 അടി, 10 അടി നീളമുള്ള
ഖണ്ഡങ്ങൾ ജെർമനിയിലെ ലാബിൽ എത്തിച്ച് വിശകലനം ചെയ്യുമ്പോൾ ആദ്യ
സാമ്പിളുകൾ വളരെ മൃദുവാണെന്ന് കണ്ടെത്തി. അല്പം കൂടി താഴത്തെ
പാറകളിലെ ചാര നിറം 500 ലക്ഷം വർഷങ്ങൾക്കുമുമ്പ് പൊട്ടിത്തെറിച്ച
മെക്സിക്കൻ അഗ്നിപർവതത്തിന്റെ അവശിഷ്ടങ്ങളാണെന്നും മനസ്സിലാക്കി.
ക്രട്ടേഷ്യസ്സ് കാലത്തിൻറെ അന്ത്യത്തിൽ സംഭവിച്ച ആഘാതത്തിന്റെ
തെളിവുകളായ, ആകാശത്തിനിന്നും പതിച്ച ഉരുകിയ പാറകളുടെയും. സുനാമി
തിരമാലകൾ തടുത്തു കൂട്ടിയ പദാർത്ഥങ്ങളും അടങ്ങിയ പാറയുടെ ഭാഗങ്ങൾ
കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞർ.
ചൊവ്വക്കും(മാർസ് ), വ്യാഴത്തിനും (ജുപിറ്റർ ), ഇടക്കുള്ള ഒരു ഭ്രമണ പഥത്തിൽ
തലങ്ങും വിലങ്ങും, ചരിഞ്ഞും മറിഞ്ഞും അനേകകോടി വർഷങ്ങൾ സുര്യനെ
വലംവച്ചിരുന്ന ഒരു പട്ടണത്തിന്റെ വലിപ്പമുള്ള ഈ പാറക്കഷ്ണം
എങ്ങനെയാണ് അവിടുന്നു തെന്നിത്തെറിച്ച് ഭൂമിയെ ലക്‌ഷ്യം വച്ച് പ്രയാണം
ആരംഭിച്ചതെന്ന് ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇതിലും
വലിപ്പമുള്ള അനേകം ഉൽക്കകൾ ഇപ്പോഴും ഈ പ്രദേശത്ത് അതിവേഗത്തിൽ
സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സൗരയൂധത്തിന്റെ താളത്തിന് ഇളക്കം
തട്ടാവുന്ന ചെറിയ ഒരു പ്രതിഭാസം മതി, മറ്റൊരു ഉൽക്കക്ക് ഭൂമിയെ
ലാക്കാക്കി യുള്ള സഞ്ചാരം തുടങ്ങാൻ.
മനുഷ്യരാശിയെ ഒന്നടങ്കം നിരവധി തവണ കൊന്നൊടുക്കാനുള്ള മാരക
ആയുധങ്ങൾ മിക്കരാജ്യങ്ങളും നിർമിച്ചു വച്ചിരിക്കുന്നു. ഏറ്റവും അധികം
മാരകശേഷിയുള്ള ആയുധങ്ങൾ ആരാണ് ആദ്യം നിർമിനിർമ്മിക്കുന്നത്, എന്ന
പന്തയത്തിലാണ് വികസിത രാഷ്‌ട്രങ്ങളെല്ലാം. പരസ്പര സ്നേഹം, ദയ,
സഹവർത്തിത്വം, എന്നിവയൊക്കെ ആഹ്വാനം ചെയുന്ന മത ഗ്രന്ധങ്ങൾ
തന്നെയാണ് പരസ്പര കലഹത്തിനും കാരണമായി മാറ്റപ്പെടുന്നത് എന്നത്
തീർത്തും വിരോധാഭാസം തന്നെ. മാത്സര്യം മാറ്റിവച്ച് , എല്ലാ രാജ്യങ്ങളും
സഹകരിച്ച്, അവരവരുടെ കഴിവുകൾ ഏകോകിപ്പിച്ച്, പ്രപഞ്ച
രഹസ്യങ്ങളുടെ ചുരുൾ അഴിക്കുവാനാണ് ശ്രമിക്കേണ്ടത് .
സഹവർത്വത്തിലൂടെ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങൾ കണ്ടെത്തി അവയെ
പ്രതിരോധിക്കാ നുള്ള മാർഗം എത്രയും പെട്ടെന്ന് നമ്മൾ
കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, അനേക ലക്ഷം വർഷങ്ങൾക്കുശേഷം
മറ്റോരു ജീവി വർഗ്ഗം , ഫോസിലുകൾ പരിശോധിച്ച് മനുഷ്യർ എന്നൊരു
വർഗം ഭൂമിയിൽ ജീവിച്ചിരുന്നു എന്നും അവരുടെ സർവ്വനാശം എങ്ങനെ
സംഭവിച്ചു എന്നും കണ്ടുപിടിക്കുമായിരി ക്കാം!!!. വർഗ്ഗ, ദേശ, മത, ഭാഷ,
വേർതിരുവികൾ മാറ്റിവെച്ച് ഒത്തൊരുമയോടെ മുന്നോട്ട് പോകുന്നില്ല
എങ്കിൽ മനുഷ്യ രാശിയുടെ തിരോധാനം അതി വിദൂരത്തിലല്ല.

സന്തോഷ് പിള്ള.
കടപ്പാട് :ഡിസ്കവർ മാഗസിൻ

LEAVE A REPLY