All about GOLD – സ്വര്‍ണ്ണം – അറിയേണ്ട എല്ലാ കാര്യങ്ങളും

0
859
സ്വര്‍ണ്ണം , അത് കണ്ടുപിടിച്ച കാലം മുതൽ മനുഷ്യന്റെ ബുദ്ധിയെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്ന ലോഹമാണ് . മനുഷ്യ നേത്രങ്ങൾക്ക് വിരുന്നൊരുക്കുന്ന മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ല . ഈ അതുല്യ ലോഹം കയ്യിൽ കൊണ്ട് നടക്കാത്തവരായി ആരുമില്ല എന്ന് തന്നെ പറയാം . സ്വർണ്ണ ആഭരണങ്ങൾ ഉപയോഗിക്കാത്തവർ ചിരിക്കേണ്ട , നിങ്ങളുടെ കയ്യിലിരിക്കുന്ന സ്മാർട്ട് ഫോണിൽ സ്വര്‍ണ്ണം ഉണ്ട് !! ( There is 1gm of gold in about 35-40 mobile phones >> https://tinyurl.com/ly4zvdm )
ഈ ലോഹത്തിന് പ്രത്യേകതകൾ മാത്രമേ ഉള്ളൂ . നമ്മെ ആകർഷിക്കുന്ന മഞ്ഞ നിറമുള്ള ഒരേ ഒരു ലോഹം ഗോൾഡ്‌ ആണ് . സാധാരണ ഊഷ്മാവിൽ മറ്റു രാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത ഈ ലോഹം മണ്ണിൽ ഇതേ അവസ്ഥയിൽ തന്നെയാണ് കിടക്കുന്നത് . എത്ര നേർത്ത ഘനത്തിൽ വേണമെങ്കിലും ഈ ലോഹത്തെ നമ്മുക്ക് അടിച്ചു പരത്താം . അതായത് ഒരു ഔണ്‍സ് ഗോൾഡ്‌ കൊണ്ട് , അഞ്ച് മൈക്രോണ്സ് വണ്ണമുള്ള ഒരു നൂൽ കമ്പി നിർമ്മിച്ചാൽ അതിന് 50 മൈൽ നീളമുണ്ടായിരിക്കും !! അതുകൊണ്ടാണ് ആഭരണങ്ങൾ ഉണ്ടാക്കുവാൻ സ്വര്‍ണ്ണംധാരാളമായി ഉപയോഗിക്കുന്നത് .
ഗോൾഡിനെ അടിച്ചു പരത്തി സുതാര്യമാക്കാൻ വരെ (transparent) സാധിക്കും ! ഇത്തരം ഷീറ്റുകൾ ഇൻഫ്രാ റെഡ് വികിരിണങ്ങളെ അതി ശക്തമായി പ്രതിഫലിപ്പിക്കും . അതിനാൽ ബഹിരാകാശ യാത്രികരുടെ സ്യൂട്ട് നിർമ്മിക്കുവാൻ ഇത്തരം സുതാര്യ ഗോൾഡ്‌ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ട് . സംശുദ്ധ സ്വര്‍ണ്ണം ആഭരണങ്ങൾ നിർമ്മിക്കുവാൻ തക്ക കട്ടിയുള്ളത് അല്ല . പക്ഷെ ഗോൾഡ്‌ ഉപയോഗിച്ച് എളുപ്പത്തിൽ ലോഹ സങ്കരങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും . അതിനാൽ അനുയോജ്യമായ ലോഹങ്ങളുമായി കൂട്ടിയിണക്കി പല കട്ടിയിലും വിവിധ വർണ്ണങ്ങളിലും സ്വര്‍ണ്ണ ആഭരണങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും .അതായത് മഞ്ഞ നിറത്തിൽ മാത്രമല്ല , ചുവപ്പ് , വെള്ള , കറുപ്പ് തുടങ്ങി വിവിധ വർണ്ണങ്ങളിൽ ഗോൾഡ്‌ ഒർണ്ണമെന്റ്സ് നിർമ്മിക്കുവാൻ സാധിക്കും!

ഗോള്‍ഡ്‌ വിവിധ വര്‍ണ്ണങ്ങളില്‍ !
മുകളിലെ ടേബിൾ നോക്കിയാൽ ഏതൊക്കെ ലോഹങ്ങൾ ഗോൾഡുമായി ചേർത്താണ് വിവിധ വർണ്ണങ്ങളിൽ ഉള്ള ആഭരണങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്‌ എന്ന് മനസ്സിലാക്കാം. വില കൂടിയ ഫ്ലൂട്ട് (സംഗീത ഉപകരണം ) റോസ് ഗോൾഡ്‌ കൊണ്ട് നിർമ്മിക്കാറുണ്ട്.

High-end flutes are very commonly made of solid rose gold, the most common alloy being 14K, but 9K, 10K, 18K and 19.5K are also available from the major flute makers.
നിങ്ങൾ ഡയമണ്ട് വാങ്ങിക്കുവാൻ ചെല്ലുമ്പോൾ പറയുന്ന കാരറ്റും ഗോൾഡ്‌ മേടിക്കുമ്പോൾ പറയുന്ന കാരറ്റും രണ്ടും രണ്ടാണ് ! ഡയമണ്ടിലെ കാരറ്റ് തൂക്കത്തെ ആണ് സൂചിപ്പിക്കുന്നത് . നിങ്ങളുടെ ആഭരണത്തിൽ ഏഴു സെന്റ്‌ ഡയമണ്ട് ഉണ്ടന്നാണ് പറയുന്നതെങ്കിൽ അതിനർത്ഥം 14 മില്ലി ഗ്രാം ഡയമണ്ട് തൂക്കം ആ ആഭരണത്തിൽ ഉണ്ടെന്നാണ് . താഴത്തെ ചിത്രം നോക്കുക .
ഇനി ഗോൾഡിൽ വന്നാൽ കാരറ്റ് ശുദ്ധതയുടെ അളവാണ് . തനി തങ്കം (ശുദ്ധ സ്വര്‍ണ്ണം 24 കാരറ്റ് ആണ് . 22 കാരറ്റ് എന്നാൽ 91.6 ശതമാനം ഗോൾഡും ബാക്കി മറ്റു ലോഹങ്ങളും എന്നാണർത്ഥം .

Relation Between Diamond Wt & Size
മുകളിലെ സമവാക്യം നോക്കുക . അതായത് 100 gm (Mm) ഭാരമുള്ള ഒരു ആഭരണത്തിൽ 91.6 (Mg) ശതമാനം ശുദ്ധ സ്വര്‍ണ്ണം ഉണ്ടെങ്കിൽ നമുക്ക് കിട്ടുന്ന ഉത്തരം 22 എന്നാണു. ചില ആഭരണങ്ങളിൽ 22/20K എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇതിനർത്ഥം , ആഭരണത്തിന്റെ ഏറ്റവും മുകൾ ഭാഗം 22 കാരറ്റും താഴോട്ട് 20 കാരറ്റും എന്നാണ് . ഉന്നത നിലവാരം പുലർത്തുന്ന ജൂവലറികളിൽ ശുദ്ധത നിർണ്ണയിക്കാവുന്ന X-Ray മെഷീനുകൾ ഉണ്ടാവും .
ഏത് ജൂവലറിയുടെയും പരസ്യം കണ്ടാൽ നാം കേൾക്കുന്ന വാക്കുകൾ ആണ് BIS , ഹാൾ മാർക്കിംഗ് , 916 എന്നിവ . ഇതെന്താണെന്ന് നോക്കാം . BIS എന്നാൽ Bureau of Indian Standards എന്ന അസോസിയേഷൻ എന്നാണ് അർത്ഥമാക്കുന്നത് . 1986 ൽ Ministry of Consumer Affairs, Food & Public Distribution കീഴിൽ ആണ് ഇത് സ്ഥാപിതമായത് . ഇന്ത്യയിൽ വില്ക്കപ്പെടുന്ന ആഭരണങ്ങളുടെ ശുദ്ധത നിശ്ചയിക്കുന്നത് ഇവരാണ് . 2000 ത്തിൽ ആണ് ആഭരണങ്ങളിൽ ഇവർ ഹാൾ മാർക്കിംഗ് മുദ്ര പതിപ്പിക്കൽ ആരംഭിച്ചത് . അതിനായി BIS അംഗീകരിച്ചിരിക്കുന്ന ഹാൾ മാർക്കിംഗ് സെന്ററുകൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട് . ജൂവലറികൾ തങ്ങൾ നിർമ്മിക്കുന്ന ആഭരണങ്ങൾ ഈ സെന്ററുകളിൽ കൊണ്ടുപോയി BIS മുദ്ര പതിപ്പിക്കുകയാണ് ചെയ്യുന്നത് .
അങ്ങിനെ മുദ്ര ചെയ്യപ്പെട്ട ഒരു ആഭരണത്തിൽ അഞ്ച് പ്രത്യേക മാർക്കിങ്ങുകൾ ഉണ്ടാവും (മുകളിലെ ചിത്രം നോക്കുക ). ഒന്ന് ത്രികോണ ആകൃതിയിൽ ഉള്ള BIS ലോഗോ ആണ് . പിന്നീട് കാണുന്നത് മൂന്ന് അക്കമുള്ള ഒരു നമ്പർ ആയിരിക്കും . ഇത് സ്വര്‍ണ്ണ ആഭരണത്തിന്റെ ശുദ്ധത ആണ് സൂചിപ്പിക്കുന്നത് . താഴത്തെ ടേബിളിൽ നിന്നും ഈ നമ്പർ എത്ര കാരറ്റിനെ ആണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം . ഇനി വരുന്നത് , നിങ്ങൾ ഗോൾഡ്‌ വാങ്ങിക്കുവാൻ ചെന്നിരിക്കുന്ന കടയുടെ ലോഗോ ആണ് . ഇനി വരുന്നത് ഹാൾ മാർക്കിംഗ് സെന്ററിന്റെ ലോഗോ ആണ് . എവിടെയാണ് ആഭരണം ഹാൾ മാർക്ക് ചെയ്തത് എന്ന് ഇതിൽ നിന്നും പിടികിട്ടും . ഏറ്റവും അവസാനം, ഹാൾ മാർക്ക് ചെയ്ത വർഷം ആണ് ആലേഖനം ചെയ്തിരിക്കുന്നത് .
കേരളത്തിലെ മിക്ക ജൂവലറികളിലും വൈറ്റ് ഗോൾഡ്‌ എന്ന പേരില് വില്ക്കപ്പെടുന്നത് യഥാർത്ഥ വൈറ്റ് ഗോൾഡ്‌ അല്ല എന്ന് ആദ്യമേ ഓർത്തോളൂ . . ഗോൾഡിനു പുറമേ നിക്കൽ , സിങ്ക് , ടിൻ , കോപ്പർ , മാൻഗനീസ് , പലേഡിയം എന്നീ ലോഹങ്ങൾ ചേർത്താണ് ഒറിജിനൽ വൈറ്റ് ഗോൾഡ്‌ നിർമ്മിക്കുന്നത് . എന്നാൽ നമ്മുടെ കടകളിൽ വില്ക്കുന്നത് റോഡിയം പൂശിയ (പ്ലേറ്റ് ചെയ്ത ) 22 കാരറ്റ് യെല്ലോ ഗോൾഡ്‌ ആണ് . ഇതിന് തിളക്കം കൂടുതൽ ആയതിനാലും യഥാർത്ഥ വൈറ്റ് ഗോൾഡ്‌ നിർമ്മിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതിനാലും റോഡിയം പ്ലേറ്റഡ്‌ ആഭരണങ്ങൾ ആണ് ഇന്ത്യയിൽ വ്യാപകമായി വില്ക്കപ്പെടുന്നത് . നിക്കൽ ചേർത്തുള്ള വൈറ്റ് ഗോൾഡ്‌ ചിലർക്ക് സ്കിൻ അലർജി ഉണ്ടാക്കാറുണ്ട് .
പണിക്കൂലി എന്നാൽ നിങ്ങൾ വാങ്ങുവാൻ പോകുന്ന മനോഹരമായ ആഭരണം അങ്ങിനെ നിർമ്മിചെടുക്കുവാൻ പണിക്കാരന് കൊടുത്ത കൂലി ( കൂട്ടത്തിൽ നിങ്ങൾ കൊണ്ട എസി യുടെ ചാർജും കടയുടെ വാടകയും ചിലപ്പോൾ കൂട്ടാൻ സാധ്യത ഉണ്ട് ) . ഇനി പണി കുറവ് അഥവാ വെയ്സ്റ്റേജ് . നാം ഒരു പവൻ സ്വര്‍ണ്ണ കട്ട , തട്ടാന് കൊടുത്ത് ഒരു വള പണിയുവാൻ പറഞ്ഞാൽ തിരികെ കിട്ടുമ്പോൾ വളക്കു ഒരു പവൻ തൂക്കം ഉണ്ടാവില്ല . ഇത് വളയുടെ നിർമ്മാണ ഘട്ടത്തിൽ പൊടിയായും മറ്റും നഷ്ട പെടുന്നതാണ് . ഈ തൂക്ക വ്യത്യാസത്തെ ഗോൾഡ്‌ റേറ്റ് കൊണ്ട് ഗുണിച്ചാൽ പണിക്കുറവു ലഭിക്കും . ഇതിന്റെ കൂടെ സർക്കാരിന് കൊടുക്കേണ്ട റ്റാക്സ് കൂട്ടിയാൽ നിങ്ങൾ മേടിക്കുന്ന ആഭരണത്തിന്റെ വിലയായി .
ഒരുമാതിരി ലായനികളിൽ ഒന്നിനും ഗോൾഡ്‌ എന്നാ ലോഹത്തെ ഉരുക്കുവാനുള്ള ശേഷി ഇല്ല. പക്ഷെ nitro-hydrochloric acid എന്ന Aqua regiaലായനിയിൽ ഇട്ടാൽ ഗോൾഡ്‌ ലയിച്ചു തീരും . ഗോൾഡ്‌ മാത്രമല്ല പ്ലാറ്റിനവും ഇതിൽ ലയിക്കും . ഇതിൽ മാത്രമല്ല , സയനൈടിലും മെർക്കുരിയിലും ഗോൾഡ്‌ ലയിക്കും .
ഗോൾഡ്‌ സാന്ദ്രത (Density) വളരെ കൂടിയ ലോഹമാണ് . അതിനാൽ ഭൂമിയിലെ ഗോൾഡ്‌ മുഴുവനും കിടക്കുന്നത് ഭൂമിയുടെ ഏറ്റവും അകത്തെ കോറിൽ ആണ് . (ഭൂമിയുടെ അക കാമ്പ് തിളച്ചു മറിയുന്നതിനാൽ ഘനം കൂടിയവ എല്ലാം താഴേക്ക് അടിയും ) . ഇത് ഒരിക്കലും കുഴിചെടുക്കുവാൻ സാധിക്കില്ല . ഭൌമോപരിതലത്തിൽ നിന്നും നാം കുഴിച്ചെടുക്കുന്ന ഗോൾഡ്‌ മിക്കതും ആകാശത്തിൽ നിന്നും വീണ ഉൽക്കകളിൽ നിന്നും ലഭിച്ചവയാണ് (supernova nucleosynthesis process) . ഇതുവരെ 174,100 ടണ് ഗോൾഡ്‌ കുഴിച്ചെടുത്തു കഴിഞ്ഞു എന്നാണ് കണക്ക്. ഇത് ലഭ്യമായത്തിന്റെ 90 ശതമാനം വരും ! ഇതിൽ അമ്പതു ശതമാനവും ആഭരണങ്ങൾ ഉണ്ടാക്കുവാനാണ് വിനിയോഗിച്ചത് ! ഭൂമിയിലെ സമുദ്ര ജലത്തിലും നല്ല തോതിൽ ഗോൾഡ്‌ അടങ്ങിയിട്ടുണ്ട് . പക്ഷെ ലാഭകരമായ രീതിയിൽ അത് വേർതിരിച്ചെടുക്കുവാൻ ഇത് വരെ കഴിഞ്ഞിട്ടില്ല .
ലോകമെമ്പാടും ഗോൾഡ്‌, ജ്യൂസിലും മറ്റ് ആഹാര പദാർത്ഥങ്ങളിലും ഉപയോഗിക്കുന്നുണ്ട് . നേരത്ത പാളികൾ (Gold Leaf) ആയി ഇടുകയാണ് ചെയ്യുന്നത് . ഗോൾഡ്‌ തിന്നാൽ ഒരു രുചിയും ഇല്ല , ഒരു പോഷകവും കിട്ടില്ല …ശരീരത്തിന് ഒരു മാറ്റവും ഉണ്ടാക്കില്ല . അകത്തു കയറിയത് പോലെ തന്നെ പുറത്തേക്ക് പോകുകയും ചെയ്യും ! വില കൂട്ടാം എന്ന് മാത്രം! . . ഗോൾഡ്‌ നേർത്ത നൂലാക്കി വില കൂടിയ തുണി തുന്നാൻ ഉപയോഗിക്കുന്നുണ്ട് . ഇൻഫ്രാ റെഡ് വികിരണങ്ങൾ തടയുവാൻ കൃത്രിമ ഉപഗ്രഹങ്ങളുടെ പുറത്ത് കവചമായി പൂശാറുണ്ട് . (ബഹിരാകാശ യാത്രികരുടെ ഉടുപ്പിലും ഗോൾഡ്‌ കോട്ട് ചെയ്യുന്നുണ്ട് ) . വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നല്ലൊരു വൈദ്യുത ചാലകമായി ഗോൾഡ്‌ സേവനം അനുഷ്ടിക്കുന്നുണ്ട് . Goldschläger, Gold Strike, Goldwasser തുടങ്ങിയ മുന്തിയ ഇനം മദ്യങ്ങളിൽ ഗോൾഡ്‌ ഉണ്ട് !
ഇതിന് ഉരച്ചു നോക്കുകയോ , ജൂവലറിയിൽ പോയി മെഷീൻ ടെസ്റ്റ്‌ നടത്തുകയോ ഒന്നും വേണ്ട ! രണ്ടു ചെറു വഴികൾ പറഞ്ഞു തരാം .
മുകളിലെ ചിത്രത്തില്‍ നിന്നും , തനി തങ്കത്തിന്റെ നിറം റെഡ് -യെല്ലോ (മഞ്ഞ-ചുവപ്പ് ) ആണെന്ന് മനസ്സിലാക്കാം . 22 കാരറ്റിന്റെ നിറം തനി മഞ്ഞയും , 20/ 18കാരറ്റിന്റെത് മങ്ങിയ മഞ്ഞയും ആണ് . ചെമ്പിന്റെ അംശം കൂട്ടിയാൽ ചുവപ്പ് നിറം കണ്ണിൽ പെടും ! (ത്രികോണത്തിന്റെ വലം ഭാഗം ) . വെള്ളിയുടെ അംശം കൂടുതൽ ഉള്ളത് കൊണ്ടാണ് ചില ആഭരണങ്ങളുടെ നിറം മങ്ങി ഇരിക്കുന്നത് . അതായത് ചില 916 ആഭരണങ്ങളുടെ മങ്ങിയ നിറത്തിന് കാരണം , ഗോൾഡിന്റെ കുറവല്ല , 91.6 ശതമാനം ഗോൾഡും പിന്നെയുള്ളതിൽ ചെമ്പിനോടൊപ്പം വെള്ളിയും കാണും എന്നതിനാലാണ് . പക്ഷെ ഈ നിറമൊക്കെ നമ്മുക്ക് പിടികിട്ടണമെങ്കിൽ ജൂവലറികളിലെ വർണ്ണപ്രപഞ്ചത്തിൽ നിന്നും പുറത്തിറങ്ങി നോക്കണം . (ബില്ലടിക്കാതെ അതിനു തരമില്ല )
അടുത്ത വഴി പലർക്കും അറിയാവുന്ന ഒന്നാണ് . കല്ലോ , മുത്തോ ഇല്ലാത്ത ഗോൾഡ്‌ ആഭരണങ്ങൾ മാത്രമേ ഈ പരീക്ഷണത്തിന്‌ ഉപയോഗിക്കാവൂ . ആദ്യം ബില്ലിൽ നോക്കി ആഭരണത്തിന്റെ തൂക്കം നോട്ട് ചെയ്ത് വെക്കുക . ഒരു അളവ് ജാറിൽ ( അല്ലെങ്കിൽ മരുന്ന് കുടിക്കുവാൻ ഉപയോഗിക്കുന്ന, മില്ലി ലിറ്റർ അളവ് കോലുള്ള പ്ലാസ്റ്റിക് അടപ്പ് ) അനുയോജ്യമായ അളവിൽ വെള്ളം നിറക്കുക . ജലത്തിന്റെ അളവ് കുറിച്ച് വെക്കുക . നിങ്ങളുടെ ആഭരണം വെള്ളത്തിൽ ഇടുക . ഇപ്പോൾ വെള്ളത്തിന്റെ മാറിയ അളവ് കുറിച്ച് വെക്കുക .
ഉദാഹരണത്തിന് , 38gm ഉള്ള ഒരു മാല വെള്ളത്തിൽ ഇട്ടപ്പോൾ 2.2ml ജലം ഉയർന്നു എന്ന് കരുതുക . മുപ്പത്തി എട്ടിനെ (38) 2.2 കൊണ്ട് ഹരിക്കുക . ഉത്തരം 17.27 …
ശുദ്ധമായ തങ്കമാണ് ഇട്ടതെങ്കിൽ ലഭിക്കേണ്ട ഉത്തരം 19 ആണ് . 22K ആണെങ്കിൽ 17.5 ഉം , 20K ആണെങ്കിൽ 16.5 ഉം 18K ആണെങ്കിൽ 15.5 ഉം ഉത്തരമായി ലഭിക്കും . അതായത് മേൽ പറഞ്ഞ പരീക്ഷണത്തിലെ ആഭരണം 22 കാരറ്റ് ആണ് . ഇതാണ് ഡെൻസിറ്റി ടെസ്റ്റ്‌ .

ഭൂമിയിലെ ഏറ്റവും ആഴമുള്ള സ്വർണ്ണ ഖനി !!

ദക്ഷിണാഫ്രിക്കയിലെ Gauteng പ്രവിശ്യയിലെ Mponeng Gold Mine ആണ് ഇന്ന് ലോകത്തിലെ ഏറ്റവും ആഴമുള്ള സ്വർണ്ണ ഖനി . 3,400m താഴ്ചയുള്ള ഇതിനു രണ്ടര മൈൽ വിസ്താരമുണ്ട് . ഒരു ടണ്‍ പാറയിൽ നിന്നും ഒരു പവൻ (8 ഗ്രാം ) സ്വർണ്ണം ആണ് ഇവിടെ നിന്നും ലഭിക്കുക . Mponeng എന്നാൽ പ്രാദേശിക സോതോ ഭാഷയിൽ ‘look at me’ എന്നാണ് അർഥം . ഖനിയുടെ മുകളിൽ നിന്നും താഴെ വരെ എത്തിച്ചേരാൻ ഒരു മണിക്കൂർ സമയം വേണം . ഇതിനുള്ളിൽ അറുപത്തി അഞ്ച് ഡിഗ്രീ താപനില ഉള്ളതിനാൽ മുഴുവൻ സമയവും Slurry ice (made up of millions of ice “micro-crystals” typically 0.1 to 1 mm in diameter) formed and suspended within a solution of water) താഴേക്കു പമ്പ്‌ ചെയ്തു താപനില മുപ്പത് ഡിഗ്രി വരെ താഴ്ത്തിയാണ് ഖനി പ്രവർത്തിക്കുന്നത് . carbon-in-pulp (CIP) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്വർണ്ണത്തെ ഇവർ വേർതിരിച്ചെടുക്കുന്നത് .
ഇനിയുമേറെയുണ്ട് സ്വർണ്ണക്കഥകൾ . പക്ഷെ ഒരു വഴി പോകുമ്പോൾ ഇത്രയും മതി അല്ലേ ?

LEAVE A REPLY