നടിയെ തട്ടിക്കൊണ്ട് പോകൽ : പി.ടി. തോമസ് സത്യം തുറന്നു പറയണം

0
15065

കേരള രാഷ്ട്രീയത്തിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ് പി.ടി.തോമസ് എം.എൽ.എ. ന്യായത്തിനും നീതിക്കും വേണ്ടി എം.പി.സീറ്റുപോലും ത്യജിക്കാൻ തയ്യാറായ വ്യക്തി. ആരുടെ ഭീഷണിക്കും വഴങ്ങാത്ത ശക്തമായ നിലപാടുകൾ.
നടിയെ തട്ടിക്കൊണ്ട് പോയ വിഷയത്തിൽ കേസിനാസ്പദമായ സംഭവങ്ങൾ നടിയിൽ നിന്ന് തന്നെ നേരിട്ട് മനസിലാക്കിയ വ്യക്തിയാണ് പി.ടി.തോമസ്. പി.ടി.തോമസിന്റെ സാന്നിധ്യമാണ് നടിയ്ക്ക് ധൈര്യം പകർന്നതും പോലീസിനെ സമീപിക്കാൻ കാരണമായതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് പിന്നിൽ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനാണ്, അല്ല നടിയാണ് എന്നൊക്കെയാണ് ഊഹാപോഹങ്ങൾ. പൾസർ സുനിയും സംഘവും ഈ കേസിലും ആരുടെയോ ക്വട്ടേഷൻ നടപ്പിലാക്കിയതാണെന്ന് ജനത്തിന് പൂർണ ബോധ്യമുണ്ട്.
കേസ് ഒതുക്കി തീർക്കുവാൻ സിനിമാ ലോകത്തെ തന്നെ ചിലർ അണിയറയിൽ പ്രവർത്തിക്കുന്നുണ്ടെന്നുള്ള വിവരം പുറത്തുവന്നു കഴിഞ്ഞു. കേസിൽ ഉൾപ്പെട്ട പ്രമുഖർ സിനിമാ രംഗത്തെ പ്രമുഖരെയും, രാഷ്ട്രീയ നേതൃത്വങ്ങളേയും പോലീസിലെ ഉന്നതരെയും സ്വാധീനിക്കാൻ ശ്രമം നടന്നു വരുകയാണ്. ആവേശത്തോടെ ഭാവനയെ സഹായിക്കാൻ വന്ന പലരും ഇപ്പോൾ നിശബ്ദമാണ്. കേസിലെ മുഖ്യ പ്രതി പൾസർ സുനി അല്ലെന്നും പിന്നിൽ ഉള്ള പ്രമുഖരെ പിടി കൂടണമെന്നും വ്യാപകമായി ആവശ്യം ഉയരുന്നു.
ഈ അവസരത്തിൽ പി.ടി തോമസ് എം.എൽ.എ. തന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് യഥാർത്ഥ സത്യങ്ങൾ തുറന്നുപറയാൻ തയ്യാറാവണം. സിനിമാ ലോകത്തെ അധോലോകത്തെയോ കേസിൽ ഉൾപ്പെട്ട അധോലോകത്തെയോ ഭയക്കുന്ന വ്യക്തിയല്ല പി.ടി.തോമസ്. യാഥാർഥ്യം തുറന്നു പറഞ്ഞില്ലെങ്കിൽ നാളിതുവരെ പി.ടി തോമസ് തുടർന്ന് വന്ന ആദര്ശ രാഷ്ട്രീയത്തിന് മേൽ കറ പുരളും. ഈ കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ കേരളത്തിൽ ഭാവനമാരുടെ എണ്ണം കൂടും. അവരുടെ ശാപത്തിന്മേൽ രാഷ്ട്രീയ നേതൃത്വങ്ങൾ വെന്തുരുകും. ഇപ്പോൾ ആവശ്യം പി.ടി.തോമസിന്റെ സത്യം തുറന്നു പറച്ചിലും സർക്കാരിന്റെയും പോലീസിന്റെയും ശക്തമായ നടപടികളുമാണ്.

LEAVE A REPLY