“എത്യോപ്യന്‍ ലയണ്‍” എന്ന കറുത്ത സടയുള്ള ആഡിസ് അബാബാ സിംഹം

0
729

ഓരോ ദിവസവും എത്രയെത്ര ജീവിവര്‍ഗ്ഗങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത് ! ഭൂമിയിലെ ഇരുണ്ട കോണുകളില്‍ നാം അറിയാത്ത എത്രയോ ജീവികള്‍ ഇനിയും ഉണ്ടാകും ? സമുദ്രത്തിന്‍റെ അന്തരാളങ്ങളില്‍ നിന്നും , വിയറ്റ്‌നാമിലെ ഇടതൂര്‍ന്ന വനങ്ങളില്‍ നിന്നും , ഭൂമിയിലെ ആഴമേറിയ ഗുഹകളില്‍ നിന്നും , ആഫ്രിക്കയിലെ പുല്‍മേടുകളില്‍ നിന്നും , ഹിമാലയത്തിലെ മഞ്ഞുമേടകളില്‍ നിന്നും .. അങ്ങിനെ പലയിടത്ത് നിന്നും പുതിയ ജീവികളെ നാം ദിവസേന എന്ന കണക്കില്‍ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നു . എന്നാല്‍ ഒരു കാഴ്ചബംഗ്ലാവില്‍ നിന്നും ഒരു പുതുജീവിവര്‍ഗ്ഗത്തെ കണ്ടെത്തിയാലോ ?

അത്തരം വിചിത്രമായ ഒരു കണ്ടെത്തല്‍ കഥയാണ് എത്യോപ്യന്‍ ലയണ്‍ എന്ന കറുത്ത സടയുള്ള ആഡിസ് അബാബാ സിംഹത്തിന് പറയാനുള്ളത് . 1914 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് റൂസ്‌വെല്‍ട്ടിന് സമ്മാനമായി കിട്ടിയ ഒരു സിംഹത്തെ പഠന വിധേയമാക്കിയ Edmund Heller, അതൊരു പ്രത്യക വര്‍ഗമാകാന്‍ സാധ്യത ഉണ്ട് എന്ന അനുമാനത്തില്‍ Panthera leo roosevelti എന്ന് നാമകരണം ചെയ്തു . പിന്നീട് ഈ സിംഹത്തിന്‍റെ കൂടുതല്‍ വര്‍ഗ്ഗക്കാരെ എത്യോപ്യയില്‍ നിന്നും കണ്ടെത്തുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു . അപ്പോഴാണ്‌ തലസ്ഥാനമായ ആഡിസ് അബാബയിലെ മൃഗശാലയില്‍ കിടക്കുന്ന സിംഹങ്ങളെപ്പറ്റി ചിലര്‍ ഓര്‍ത്തത്‌ . അവയെ പഠന വിധേയമാക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി . ഇവറ്റകള്‍ മറ്റ് ആഫ്രിക്കന്‍ സിംഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ് . ഇവ റൂസ്‌വെല്‍ട്ടിന് കിട്ടിയ സിംഹത്തിന്‍റെ അതേ വര്‍ഗ്ഗക്കാരും ആണ് . പക്ഷെ ഇവരുടെ ബാക്കി ആളുകള്‍ എവിടെ ? ഏത് വനത്തില്‍ നിന്നാണ് ഇവരെ കിട്ടിയത് ? നേരത്തെ തന്നെ മൃഗശാലയില്‍ ഉണ്ടായിരുന്ന സിംഹങ്ങളുടെ പിന്‍ഗാമികള്‍ ആണ് ഇപ്പോള്‍ ഉള്ളത് . അപ്പോള്‍ ആദ്യം എത്തിയ സിംഹങ്ങളെ കുറിച്ചായി അന്വേഷണം . ഈ സിംഹങ്ങളെ സുഡാന്‍ അതിര്‍ത്തിയില്‍ ഉള്ള എത്യോപ്യന്‍ ഹൈലാണ്ട്സില്‍ നിന്നുമാണ് ലഭിച്ചത് (1948) എന്ന് ചിലര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ചില അന്വേഷണങ്ങള്‍ നടത്തിയെങ്കിലും മോശമായ രാഷ്ട്രീയ കാലാവസ്ഥയും അവിടേക്ക് എത്തിച്ചേരാനുള്ള പ്രയാസവും കാരണം കൂടുതല്‍ ഗവേഷണങ്ങള്‍ പിന്നീട് നടന്നില്ല . മൃഗശാലയില്‍ ഉള്ള സിംഹങ്ങളുടെതിനു സമാനമായ ആകാരമുള്ള ചില സിംഹങ്ങളെ കണ്ടതായി ചില ആദിവാസി വര്‍ഗ്ഗകാരുടെ റിപ്പോര്‍ട്ടുകള്‍ കിട്ടിയെങ്കിലും ആര്‍ക്കും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല . മറ്റു ഭൂവിഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന എത്യോപ്യന്‍ മലനിരകളില്‍ വംശവര്‍ധനവ്‌ നടത്താനാവാതെ ഈ വര്‍ഗ്ഗം നാമാവിശേഷമായികാണും എന്ന് പിന്നീട് അനുമാനിച്ചു . കറുത്ത സടയുള്ളതിനാല്‍ വേട്ടക്കാരുടെ കണ്ണില്‍ എളുപ്പം പെടും എന്നതും ഒരു കാരണമായി കരുതി . അങ്ങിനെ എത്യോപ്യന്‍ സിംഹങ്ങള്‍ വന്യതയില്‍ വംശം അറ്റുപോയതായി ഗവേഷകര്‍ കരുതി . അപ്പോഴും വിരലില്‍ എന്നവുന്നത്ര സിംഹങ്ങള്‍ മൃഗശാലയില്‍ ഉള്ളതായിരുന്നു ആശ്വാസം .

അങ്ങിനെയിരിക്കെ 2006 ല്‍ ഒരു അത്ഭുതം സംഭവിച്ചു . സുഡാന്‍ -എത്യോപ്യ അതിര്‍ത്തിയിലെ ദുര്‍ഘടമായ Alatash നാഷണല്‍ പാര്‍ക്കില്‍ ഗവേഷണം നടത്തി വന്നിരുന്ന Oxford University’s Wildlife Conservation Research Unit (WildCRU) ലെ അന്വേഷകരുടെ ക്യാമറ ട്രാപ്പില്‍ ഒരു കൂട്ടം സിംഹങ്ങള്‍ കുടുങ്ങി ! (https://goo.gl/DDl9yU) . വ്യക്തമായി തിരിച്ചറിയാന്‍ പറ്റിയില്ലെങ്കിലും കണ്ടെത്തിയ ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ അവ അപൂര്‍വ്വങ്ങളായ എത്യോപ്യന്‍ സിംഹരാജാക്കന്മാര്‍ തന്നെയെന്ന് ഗവേഷകര്‍ ഉറപ്പിച്ചു . (Video >> https://www.youtube.com/watch?v=lC78q9jQGEI) ക്യാമറയില്‍ കണ്ടെത്തിയ സിംഹങ്ങള്‍ക്ക് പിറകെ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ സിംഹങ്ങളുടെ കാല്‍പ്പാടുകള്‍ ലഭ്യമായി . ആറു ക്യാമറ ട്രാപുകളില്‍ നിന്നും ഏകദേശം അന്‍പതോളം സിംഹങ്ങള്‍ അലട്ടാഷ് മലനിരകളില്‍ ഒറ്റപ്പെട്ടു ജീവിക്കുണ്ട് എന്ന് അനുമാനിച്ചു . ഇവയ്ക്കു പക്ഷെ ആഡിസ് അബാബ മൃഗശാലയിലെ ബന്ധുക്കളെക്കാള്‍ വലിപ്പക്കൂടുതല്‍ ഉണ്ടായിരുന്നു . തലമുറകളോളം മൃഗശാലയിലെ നിയന്ത്രിത ചുറ്റുപാടില്‍ ജീവിച്ചതിനാല്‍ ആവാം അവയ്ക്ക് വലിപ്പം കുറഞ്ഞത്‌ എന്ന് അനുമാനിക്കപ്പെട്ടു . പക്ഷെ വന്യതയില്‍ വെച്ചൊരു നല്ല ചിത്രം എന്നത് ഒരു വിദൂരസ്വപ്നമായി അന്വേഷകര്‍ക്ക് തോന്നി .

ആ ഭാഗ്യം പക്ഷെ പ്രകൃതി നല്‍കിയത് നാഷണല്‍ ജ്യോഗ്രഫിക് പര്യവേഷകനും പ്രസിദ്ധ പക്ഷി നിരീക്ഷകനും ആയ Çağan Şekercioğlu ന് ആയിരുന്നു (https://goo.gl/rGwQel) . എത്യോപ്യയിലെ വിദൂരമായ Bale Mountains ദേശീയോദ്യാനത്തിലേക്ക് പോകുകയായിരുന്നു അദ്ദേഹം . ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പക്ഷിവര്‍ഗ്ഗങ്ങളുള്ള Bale മലനിരകളില്‍ പക്ഷി നിരീക്ഷണത്തിനായി രാത്രി യാത്ര തിരിച്ച അദ്ദേഹം ഒരു അലര്‍ച്ച കേട്ടാണ് വാഹനം നിര്‍ത്തിയത് . രാത്രിയില്‍ കാട് സജീവമാണ് എന്ന മന്ത്രം മനസ്സില്‍ ഉരുവിട്ട , കേഗന്‍ സമയം കളയാതെ തന്‍റെ ക്യാമറ ചലിപ്പിച്ചു . പൊടുന്നനെ തന്നെ ലോകചരിത്രത്തില്‍ ആദ്യമായി വന്യതയില്‍ ഒരു മൂവി ക്യാമറയുടെ മുന്നില്‍ അതുല്യനായ എത്യോപ്യന്‍ മൃഗരാജന്‍ പ്രത്യക്ഷപ്പെട്ടു ! ആ നിമിഷം അദ്ദേഹം വര്‍ണ്ണിച്ചത് ഇങ്ങനെയാണ് ….

“The scientist part of my brain was super excited, but the regular person part just wanted to get out of there.”

(Watch Video >>> https://www.youtube.com/watch?v=pT-TJbrE1DU)

മനുഷ്യവാസം ഉള്ള സ്ഥലത്ത് നിന്നും മൂന്ന് ദിവസം സഞ്ചരിച്ചാല്‍ മാത്രമാണ് ഈ വീഡിയോ കിട്ടിയ സ്ഥലത്ത് എത്തിച്ചേരാന്‍ സാധിക്കുക . അതിനാല്‍ തന്നെ പല എത്യോപ്യന്‍ നാഷണല്‍ പാര്‍ക്കുകളും ഗവേഷകര്‍ മാത്രമാണ് പുറമേ നിന്നും കണ്ടിട്ടുള്ളത് . എത്യോപ്യന്‍ സിംഹങ്ങളെ കുറിച്ച് ഇനിയുമേറെ കാര്യങ്ങള്‍ അറിയേണ്ടതുണ്ട് .

More >>> http://www.ethiopianstories.com/…/262-the-story-of-ethiopia…

അടിക്കുറിപ്പ് :

രണ്ടായിരത്തി അഞ്ചില്‍ എത്യോപ്യയില്‍ ഒരു പെണ്‍കുട്ടിയെ ചിലര്‍ തട്ടിക്കൊണ്ടു പോവുകയും സിംഹങ്ങള്‍ കുട്ടിയെ രക്ഷിക്കുകയും , പോലീസ് എത്തുന്നതുവരെ അവളെ സംരക്ഷിക്കുകയും ചെയ്തതായി ചിലരെങ്കിലും വായിച്ചുകാണും (https://goo.gl/KTibrI) . സംഗതി സത്യമല്ല എന്നാണ് ഗവേഷകര്‍ പറയുന്നത് . സിംഹങ്ങള്‍ കുട്ടിയെ തിന്നാന്‍ തുടങ്ങുന്നതിനു മുന്നേ പോലീസുകാര്‍ രക്ഷപെടുത്തിയിരിക്കാം എന്നാണ് അനുമാനം . ഇംഗ്ലീഷ് വാര്‍ത്തയുടെ കൂടെ അതും ഉണ്ടായിരുന്നു എങ്കിലും മലയാളത്തില്‍ വന്നപ്പോള്‍ ആ ഭാഗം നഷ്ടപ്പെട്ടു പോയിരുന്നു . ഇത് നമ്മള്‍ ഇവിടെ വായിച്ച കറുത്ത സടയുള്ള എത്യോപ്യന്‍ സിംഹങ്ങള്‍ ആയിരുന്നില്ല എന്നാണ് ചിലര്‍ കരുതുന്നത് , അവ കെനിയയില്‍ കാണുന്ന , പുല്‍മേടുകളില്‍ മേയുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ ആയിരുന്നു എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത് . എത്യോപ്യയിലെ കെനിയന്‍ അതിര്‍ത്തിയില്‍ അവയും മേഞ്ഞു നടക്കുന്നുണ്ട് .

By JULIUS MANUEL

LEAVE A REPLY