വ്യക്തിസ്വാതന്ത്ര്യം – അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

0
1148

വ്യക്തിസ്വാതന്ത്ര്യവും അന്ധവിശ്വാസവും അനാചാരങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. നാട്ടിലെ എല്ലാ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അനാവശ്യമായ വിശ്വാസങ്ങളും തുടച്ചു നീക്കപ്പെട്ട് നാം പരിഷ്കൃതജനതയായി മാറിയത് അതില്‍ വിശ്വസിച്ചിരുന്നവര്‍ സ്വയം മാറിയിട്ടല്ല. ഇവര്‍ പിന്തുടരുന്നത് അന്ധവിശ്വാസമാണെന്നു മനസിലാക്കിയവര്‍ വിഷയം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇടപെടുകയും ചെയ്തിട്ടാണ്.

ഉദാഹരണമായി സതി എന്നൊരു അനാചാരം നമ്മുടെ ഇടയില്‍ ചിലര്‍ പിന്തുടര്‍ന്നിരുന്നു. അതവരുടെ വിശ്വാസല്ലേ നാമെന്തിന് അതില്‍ ഇടപെടണം എന്നു വേണമെങ്കില്‍ ചിന്തിക്കാം. എന്നാല്‍ അതല്ല ശരി. അത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ആവശ്യമാണ്.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന നാടാണ് നമ്മുടേത്. അതും നമ്മള്‍ അതിജീവിച്ചു. അല്ലാതെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് താഴ്ന്നവര്‍ തൊടുന്നത് ഇഷ്ടമായിട്ടല്ല. അതവരുടെ വ്യക്തിസ്വാതന്ത്ര്യം എന്നു നാം പറഞ്ഞില്ല. നമ്മുടെ മുൻതലമുറ കഠിനമായി പോരാടി അതവസാനിപ്പിച്ചു. ക്ഷേത്രപ്രവേശനവിളംബരത്തിന്‍െറ പ്രസക്തി എന്താണ്? അതും ഇത്തരത്തില്‍ അനാചാരത്തിനും അന്ധവിശ്വാസത്തിനും എതിരായ പോരാട്ടമായിരുന്നു.

വിധവാ വിവാഹം, മാറു മറക്കാനുള്ള സമരം, ഭൂപരിഷ്ക്കരണ നിയമം, സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശം ലഭിക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ തുടങ്ങി എത്രയോ മഹത്തായ പേരാട്ടങ്ങള്‍ നാം കണ്ടു. എല്ലാം നിലവിലെ ജീര്‍ണിച്ച വ്യവസ്ഥിതിയെ തുടച്ചു മാറ്റുന്നതിനുള്ളതായിരുന്നു.

ഒരാള്‍ തെങ്ങില്‍ നിന്നോ മരത്തിനു മുകളില്‍ നിന്നോ താഴേക്കു ചാടുമ്പോള്‍ നഷ്ടപ്പെടാന്‍ പോവുന്നത് അയാളുടെ ജീവനാണെങ്കിലും കണ്ടു നില്‍ക്കുന്നവര്‍ ഇടപെടും, ഇല്ലേ?

വ്യക്തിസ്വാതന്ത്ര്യവും അനാചാരവും അന്ധവിശ്വാസവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതു മനസിലാക്കണം. തിരിച്ചറിയണം.
രണ്ടു വ്യക്തികള്‍ പ്രണയിക്കുന്നതോ പരസ്പരം ഇടപഴകുന്നതോ അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാല്‍ അവര്‍ ചുറ്റുമുള്ള സമൂഹത്തെക്കൂടി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും ചെയ്താല്‍ അതില്‍ നാം ഇടപെടും. സാമുഹികജീവി എന്ന നിലയില്‍.

നഗ്നസന്യാസിമാര്‍ നിയമസഭയെ അഭിമുഖീകരിച്ചത് തെറ്റെന്നു പറഞ്ഞവരാണ് നാം. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്നു പറയുന്നവരാണ് നാം. കാരണം തുല്യനീതി എന്നൊന്നുണ്ട് എന്നതുകൊണ്ട്.

നാം കാലം കഴിയുമ്പോള്‍ മുന്നോട്ടല്ലേ സുഹൃത്തുക്കളേ പോവേണ്ടത്? അല്ലാതെ പ്രാചീന കാലത്തേക്ക് തിരിച്ചു പോവണോ?

കാച്ചിയും തട്ടവുമിട്ട, അല്ലെങ്കിൽ സാധാരണ വസ്ത്രം ധരിച്ചവരില്‍ നിന്നും മുഖത്തു നോക്കി പരസ്പരം സംസാരിച്ചവരില്‍ നിന്നും കര്‍ട്ടനിലേക്കും മറയത്തേക്കും ഒളിയത്തേക്കും നാം പോവണോ?

നാടു പരോഗമിക്കുമ്പോള്‍ അതിനൊപ്പം കൈകോര്‍ത്തു നടക്കു…
അല്ലാതെ പുറകോട്ടു നടന്ന് 18 ാം നൂറ്റാണ്ടിലേക്കു തിരിച്ചു പോവരുത്.

ഇതു പറയുന്നതിനര്‍ത്ഥം നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നുവെന്നല്ല… മുന്നോട്ടു പോവാനും നോക്കാനും പ്രേരിപ്പിക്കുന്നുവെന്നാണ്.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വരാനും മറക്കുടക്കുള്ളില്‍ നിന്നു മോചനം കിട്ടാനും പോരാടിയവരാണു നമ്മുടെ മുന്‍തലമുറക്കാര്‍. നാം മറക്കുടക്കുള്ളിലേക്കും അടുക്കളക്കുള്ളിലേക്കും തിരിച്ചു കയറാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. അനാവശ്യമാണ്.

മുന്നോട്ടു നടക്കൂ. അതിനര്‍ത്ഥം ബിക്കിനി ധരിക്കണമെന്നോ മതത്തെ തള്ളി പറയണമെന്നോ ഒന്നുമല്ല. പരിഷ്കൃത സമൂഹത്തിന്‍െറ ഭാഗമായിരിക്കാന്‍ ശ്രമിക്കു എന്നു മാത്രം.

ഇതാണ് ഞങ്ങൾക്ക്‌ പറയാനുള്ളത്…അംഗീകരിക്കാം… തള്ളിക്കളയാം.. പുച്ഛിക്കാം.. പരിഹസിക്കാം.. അപമാനിക്കാം…

LEAVE A REPLY