മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം

0
866

ഹ്യൂസ്റ്റന്‍: മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ ചര്‍ച്ചാസമ്മേളനം ഹ്യൂസ്റ്റനിലെ കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11-ാം തീയതി വൈകുന്നേരം കൂടുകയുണ്ടായി. മലയാളം സൊസൈറ്റി പ്രസിഡന്‍റ്  ജോര്‍ജ്ജ് മണിക്കരോട്ടിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രസ്തുത സമ്മേളനത്തില്‍ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും, ഗവേഷകനും, ജര്‍മ്മനിയിലെ ബര്‍ലിന്‍ യൂണിവേഴ്സിറ്റിയിലെ റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ ഡോ. രാജപ്പന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലേയും പ്രത്യകിച്ച് കേരളത്തിലേയും ആനുകാലിക പ്രശ്നങ്ങളെ ശാസ്ത്രീയമായി അവലോകനം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണം നടത്തിയത്. ദൈവത്തിന്‍റെ സ്വന്തം നാടെന്നവകാശപ്പെടുന്ന കേരളത്തിന്‍റെ പരിസ്ഥിതി പ്രശ്നങ്ങളേയും മാലിന്യ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങളേയും ഊന്നല്‍ നല്‍കിയും വിശകലനം ചെയ്തും നടത്തിയ പ്രഭാഷണം അത്യന്തം വിജ്ഞാനപ്രദവും പ്രായോഗികവുമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

തുടര്‍ന്ന് ജോസഫ് തച്ചാറ “ദൈവങ്ങള്‍ക്കു സ്വന്തം” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ആക്ഷേപഹാസ്യ പ്രധാനമായ ഒരു കവിത അവതരിപ്പിച്ചു. “ഈശ്വരന്മാരെ നിങ്ങള്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ടാ”. നിങ്ങളെല്ലാം എവിടെ ആണെങ്കിലും പരമ സുഖമായിരിക്കുക. നിങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയില്‍ വെട്ടാനും കുത്താനും തലതല്ലി ചാകാനും എപ്പോഴും ആളുണ്ട്, ഞങ്ങളുണ്ട് എന്ന ഒരു തരം ഹാസ്യരൂപേണയുള്ള കവിത. ഈശ്വരന്മാരേയും വിവിധ മതങ്ങളേയും അതിലെ ആചാരങ്ങളെയും അവരില്‍ ചിലരുടെ അവിവേക, ആക്രമണ, നശീകരണ പ്രവൃത്തികള്‍ക്കെതിരെയും വിരല്‍ ചൂണ്ടിയുള്ള ആ കവിത ആശയ സമ്പുഷ്ടമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

 “സോഷ്യല്‍ മീഡിയായും അഡിക്ഷനും” എന്ന വിഷയത്തില്‍ ജയിംസ് ചാക്കോ മുട്ടുങ്കല്‍ എഴുതി വായിച്ച ഈടുറ്റ ലേഖനം സോഷ്യല്‍ മീഡിയായില്‍ പതിയിരിക്കുന്ന അനേകം അപകടങ്ങളേയും ആപത്തുകളേയും തുറന്നുകാട്ടി. സോഷ്യല്‍ മീഡിയ എന്ന ഈ നവമാധ്യമങ്ങള്‍ സമൂഹത്തിന് വളരെ സൗകര്യവും ഗുണവും നല്‍കുന്നുണ്ടെങ്കിലും അതിലേറെ മനുഷ്യനേയും സമൂഹത്തിനേയും മലിനീകരിച്ചുകൊണ്ടിരിക്കുന്നു. ഊണും ഉറക്കവുമില്ലാതെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ധാരാളംപേര്‍ ഇന്‍റര്‍നെറ്റിലും മൊബൈല്‍ ഫോണിലും കളിച്ചും പരതിയും ആരോഗ്യം നശിപ്പിക്കുന്നു. കുടുംബ ബന്ധങ്ങള്‍ തകരുന്നു. അനാശാസ്യ ബന്ധങ്ങളിലും കൂട്ടുകെട്ടിലും അകപ്പെടുന്നു. ഈ മാധ്യമങ്ങളിലൂടെ അസത്യങ്ങളും, അസന്മാര്‍ഗ്ഗികڔചിന്തകളും പ്രചരിപ്പിക്കപ്പെടുന്നു. ഇന്ന് സോഷ്യല്‍ മീഡിയായുടെ അതിപ്രസരം പലര്‍ക്കും ഒരു തരം ലഹരിയും അഡിക്ഷനുമായി മാറിയിരിക്കുകയുമാണ്.

അമേരിക്കയില്‍ മലയാള ഭാഷയുടേയും, സംസ്കാരത്തിന്‍റേയും വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടി നിലകൊള്ളുന്ന മലയാളം സൊസൈറ്റിയുടെ ഫെബ്രുവരിമാസ ചര്‍ച്ചാ സമ്മേളനത്തില്‍ പ്രതിഭാധനന്മാരും, എഴുത്തുകാരും, സാംസ്കാരിക പ്രവര്‍ത്തകരുമായ ജോര്‍ജ്ജ് മണിക്കരോട്ട്, ജോര്‍ജ്ജ് പുത്തന്‍കുരിശ്, പൊന്നുപിള്ള, എ.സി. ജോര്‍ജ്ജ്, ഡോ. മാത്യു വൈരമണ്‍, കുര്യന്‍ മ്യാലില്‍, ജോണ്‍ കൂന്തറ, ഈശോ ജേക്കബ്, ടോം വിരിപ്പന്‍, ജയിംസ് ചാക്കോ മുട്ടുങ്കല്‍, സലീം അറയ്ക്കല്‍, കെ.ജെ. തോമസ്, ഷിജു ജോര്‍ജ്ജ്, നയിനാന്‍ മാത്തുള്ള, ബാബു തെക്കേക്കര, ജോസഫ് തച്ചാറ തുടങ്ങിയവര്‍ സജീവമായി പങ്കെടുക്കുകയും സംസാരിക്കുകയുമുണ്ടായി.

 എ.സി.  ജോര്‍ജ്ജ്

LEAVE A REPLY