ഒരുമാസത്തിലേറെ ഏഴുവയസുകാരന്റെ മൃതദേഹം പെട്ടിയിൽ, പ്രതി അറസ്റ്റിൽ

0
942

ന്യൂഡല്‍ഹി: ജനവരി ഏഴിന് കാണാതായ ആശിഷ് സെയ്‌നി എന്ന ഏഴു വയസ്സുകാരന്റെ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അയൽവാസിയായ അവദേശ് സാക്യയാണു പിടിയിലായത്. കാണാതായ ബാലനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പോലീസിനൊപ്പം മുന്നില്‍ നിന്നയാളായിരുന്നു അയല്‍വാസിയായ അവദേശ്. ജനുവരി ഏഴിനു വൈകിട്ടാണ് ഉത്തര ഡൽഹിയിലെ നാഥുപുരയിൽനിന്ന് ആശിഷ് എന്ന ഏഴുവയസ്സുകാരനെ കാണാതായത്. 5.15ന് അമ്മാവന്റെ വീട്ടിൽനിന്ന് ഇറങ്ങിയ ആശിഷ് 5.17ന് സാക്യയുടെ വീടിനു മുന്നിൽ എത്തിയതായി സിസിടിവിയിൽനിന്നു കണ്ടെത്തിയിരുന്നു. പിന്നീടാണു കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. 37 ദിവസങ്ങൾക്കു ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സെയ്‌നിയുടെ പിതാവില്‍നിന്നു പണം തട്ടാനായിരുന്നു ബാലനെ അവദേശ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പോലീസ് പിടിയിലാവുമോയെന്ന ഭയത്താല്‍ ബാലനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പുതിയ സൈക്കിള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാള്‍ സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് കൂട്ടികൊണ്ടുപോയത്. ആശിഷിനെ കാണാതായപ്പോൾ തനിക്ക് സിബിഐയിലെ ഉദ്യോഗസ്ഥരെ പരിചയമുണ്ടെന്നും അന്വേഷണം അങ്ങോട്ടുമാറ്റാമെന്നും സാക്യ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ സെല്ലിന്റെയും സഹായം തേടാമെന്നും ഇയാൾ ഉറപ്പുനൽകിയിരുന്നു. ‘നാലാഴ്ചയോളം എന്റെ വീട്ടിൽതന്നെയായിരുന്നു സാക്യ കഴിഞ്ഞിരുന്നത്. ആഹാരം കഴിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ കാണാൻ പോയതും സാക്യയ്ക്കൊപ്പം തന്നെയായിരുന്നു’– ആശിഷിന്റെ പിതാവ് പറഞ്ഞു. വീട്ടിൽനിന്നുള്ള ദുർഗന്ധം എലി ചത്തതിന്റെയാണെന്നു തെളിയിക്കുന്നതിനായി സാക്യ മനഃപ്പൂർവം എലികളെ കൊല്ലുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു.

LEAVE A REPLY