ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി സുനിൽ തൈമറ്റം, ലോക കേരള സഭ പ്രതിനിധി

0
1733

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ ജനറൽ സെക്രട്ടറി സുനിൽ തൈമറ്റത്തെ ലോക കേരള സഭ പ്രതിനിധിയായി നോമിനേറ്റ് ചെയ്തു.ഇതു സംബന്ധിച്ചു ലോക കേരള സഭയുടെ സെക്രട്ടറി ജനറലായ , കേരള ചീഫ് സെക്രെട്ടറിയുടെ നോമിനേഷൻ ലെറ്റർ ഡിസംബർ രണ്ടാം വാരത്തിൽ തന്നെ ലഭിച്ചിരുന്നു. ജനുവരി 12 , 13 തീയതികളിൽ തിരുവനന്തപുരത്തു വെച്ചാണ് ആദ്യ ലോക കേരളസഭ ചേരുന്നത്.

ലോക കേരള സഭയുടെ മുന്നോടിയായി കൊല്ലത്തു നടന്ന ആഗോള കേരളീയ മാധ്യമസംഗമത്തിൽ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 7 പ്രതിനിധികൾ പങ്കെടുത്തിരുന്നു.

കേരള സമൂഹവും സംസ്കാരവും ലോകമാകെ വ്യാപിക്കുകയാണ്. ഈ തിരിച്ചറിവാണ് ലോക കേരള സഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.

ലോക കേരള സഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമ സഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള പാർലമെന്റ് അംഗങ്ങളും സഭയിലെ അംഗങ്ങളായിരിക്കും. ലോക കേരള സഭയിലേക്കു നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ തുടങ്ങിയ പരിഗണനകള്‍ മുന്‍നിര്‍ത്തിയായിരിക്കും അംഗങ്ങളെ നിശ്ചയിക്കുക.

ആഗോള കേരളീയ മാധ്യമസംഗമത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രതിനിധികൾ മുന്നോട്ടുവെച്ച “ആഗോള കേരളീയ മാധ്യമസഭ” എന്ന ആശയത്തിന് ഏറെ പിന്തുണ ലഭിച്ചു. ആഗോള കേരളീയ മാധ്യമസംഗമത്തിൽ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറൽ സെക്രട്ടറി സുനിൽ തൈമറ്റം, ചാപ്റ്റർ പ്രസിഡന്റുമാരായ രാജു പള്ളത്ത് , ബിജു കിഴക്കേകൂറ്റ് , ബിജിലി ജോർജ് , ഷിജോ പൗലോസ് , ജിജു കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജേർണലിസം വിദ്യാർത്ഥികൾക്കുള്ള “സ്റ്റെപ് പദ്ധതി”
മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.

ലോക കേരള സഭ പ്രതിനിധിയായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറിയെ നോമിനേറ്റ് ചെയ്‍തതിൽ കേരളസർക്കാരിനോടുള്ള നന്ദിയും , കടപ്പാടും രേഖപെടുത്തുന്നതായി പ്രസിഡന്റ് മധു കൊട്ടാരക്കര, ട്രഷറർ സണ്ണി പൗലോസ് എന്നിവർ പറഞ്ഞു.

LEAVE A REPLY