ലോ അക്കാദമി വിദ്യാര്‍ത്ഥി സമരത്തിന്‌ പിന്തുണയുമായി വി.എസ്‌

0
392

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന്‌ പിന്തുണയുമായി സി.പി.ഐ.എം മുതിര്‍ന്ന നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സമരപ്പന്തലില്‍.
എസ്‌.എഫ്‌.ഐയുടെ സമരപ്പന്തലിലെത്തിയ വി.എസ്‌ സമരത്തിന്‌ പൂര്‍ണപിന്തുണ വാഗ്‌ദാനം ചെയ്‌തു.

ലോക അക്കാദമി നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്ന്‌ സര്‍ക്കാര്‍ ആ ഭൂമി തിരിച്ചെടുക്കണമെന്നും വി.എസ്‌ പറഞ്ഞു.

ലോ അക്കാദമിയിലെ കുട്ടികളുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണ്‌. അത്‌ അംഗീകരിക്കുകയാണ്‌ വേണ്ടതെന്നും വി.എസ്‌ വ്യക്തമാക്കി.

എസ്‌.എഫ്‌.ഐയുടെ സമരപ്പന്തലില്‍ നിരാഹാരം കിടക്കുന്ന വിദ്യാര്‍ത്ഥികളേയും വി.എസ്‌ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പരാതികള്‍ വി.എസിനെ അറിയിച്ചു.

ലോ അക്കാദമി ലോ കോളജില്‍ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ്‌ പീഡിപ്പിക്കുകയാണെന്ന്‌ ആരോപിച്ചും പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടും വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം രണ്ടാഴ്‌ച പിന്നിട്ട സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഒരുങ്ങുകയാണ്‌.

വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി മന്ത്രി സി.രവീന്ദ്രനാഥ്‌ ഇന്നു വൈകിട്ടു
ചര്‍ച്ച നടത്തും.

അക്കാദമിയില്‍ സര്‍വകലാശാല ഉപസമിതി തിങ്കളാഴ്‌ച തുടങ്ങിയ തെളിവെടുപ്പു പൂര്‍ത്തിയായി. രേഖകളുടെ പരിശോധനയും ഹോസ്റ്റലിലെ ക്യാമറ ഉള്‍പ്പെടെ സംവിധാനങ്ങളുടെ പരിശോധനയും ഇന്നു നടത്തും.

ഉപസമിതി ഇന്നലെ പ്രിന്‍സിപ്പല്‍ ലക്ഷ്‌മി നായരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ആരോപണങ്ങള്‍ പ്രിന്‍സിപ്പല്‍ നിഷേധിച്ചു.

ഉപസമിതി മുന്‍പാകെ പരാതിയുമായി എത്തിയവരില്‍ ഭൂരിപക്ഷവും പ്രിന്‍സിപ്പലിന്റെ ഇടപെടല്‍ മോശമാണെന്നും ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ സുതാര്യതയില്ലെന്നുമാണു പരാതിപ്പെട്ടത്‌.

30 അധ്യാപകരും ഇന്നലെ മൊഴി നല്‍കി. ഇവര്‍ മാനേജ്‌മെന്റിന്‌ അനുകൂല നിലപാടെടുത്തു എന്നാണു സൂചന.

അതിനിടെ, വിദ്യാര്‍ഥികളോടു പ്രിന്‍സിപ്പല്‍ ഫോണില്‍ അധിക്ഷേപകരമായി സംസാരിക്കുന്നതിന്റെ ഓഡിയോ ഇന്നലെ പുറത്തു വന്നിരുന്നു.

സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട്‌ 28നു ചേരുന്ന സര്‍വകലാശാല സിന്‍ഡിക്കറ്റ്‌ യോഗം ചര്‍ച്ച ചെയ്‌തു തുടര്‍നടപടി തീരുമാനിക്കും.

LEAVE A REPLY