സെൽഫ് ഗോളടിച്ചു നിരാശനാക്കുന്ന മുഖ്യമന്ത്രി 

0
1596
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയതാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽ.ഡി.എഫ് സർക്കാർ.  ആദ്യ പാദം           ( ആദ്യ വർഷം ) ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ സർക്കാരിന് കഴിഞ്ഞില്ല എന്ന വിമർശനം ഉയർന്നു. രണ്ടു മന്ത്രിമാരുടെ രാജി സർക്കാരിന് ഏറെ കളങ്കമുണ്ടാക്കി. കൂടാതെ പോലീസ് നിഷ്ക്രിയമെന്ന് പരാതി ഉയർന്നു. പാർട്ടി സെക്രട്ടറിയായി മികച്ച പ്രകടനം കാഴ്ചവെച്ച പിണറായി , മുഖ്യമന്ത്രി ആയി തിളങ്ങാൻ കഴിയുന്നില്ല എന്നും ഘടകകക്ഷികൾ ഉൾപെടെ പാർട്ടി വേദികളിൽ ആക്ഷേപം ഉയർത്തി.
എന്നാൽ രണ്ടാം പാദം ( രണ്ടാം വർഷം ) ഏറെ ജനപ്രിയനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി.കേരള മുഖ്യമന്ത്രി ഏറെ ശക്തനും , ഉറച്ച തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനുമാണെന്ന് ജനം വിധിയെഴുതി. കേരളത്തിൽ താഴെത്തട്ടിൽ അഴിമതി ഏറെ കുറഞ്ഞു. കൈക്കൂലി മേടിക്കാൻ ഉദ്യോഗസ്‌ഥർ മടികാണിച്ചു തുടങ്ങി. സർക്കാർ ഓഫീസിൽ ഫയലുകളുടെ തീർപ്പാക്കലിന് വേഗതയേറി. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ പോലും ശകാരിച്ചു നല്ലനടപ്പിന് പ്രേരിപ്പിച്ചു.
ജാതി-മത -കോർപറേറ്റ്  ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങാതെ മാന്യമായ വേതനം ഉറപ്പാക്കി നെഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കിയത് ലോകമെങ്ങുമുള്ള മലയാളികളുടെ പ്രശംസ നേടിക്കൊടുത്തു.തുടർന്ന് പോലീസിന് പൂർണസ്വാതത്ര്യം നൽകി നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിൻ്റെ അറസ്റ്റ് , മാതൃഭൂമി ന്യൂസ് എഡിറ്ററുടെ അറസ്റ്റ്, എം. വിൻസെൻറ് എംഎൽഎയുടെ അറസ്റ്റ് എന്നിവ മുഖ്യമന്ത്രിക്കും,ആഭ്യന്തര വകുപ്പിനും  ജനങ്ങളുടെയിടയിൽ ഏറെ മതിപ്പിനും പ്രശംസക്കും കാരണമായി.
എന്നാൽ കഴിഞ്ഞ കുറേദിവസങ്ങളായി സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏൽപ്പിക്കുന്ന രീതിയിൽ മുഖ്യമന്ത്രി സെല്ഫ് ഗോളടിക്കുകയാണ്. ജനജീവിതത്തെ സാരമായി ബാധിച്ച തിരുവന്തപുരത്തെ അക്രമപരമ്പര മുൻകൂട്ടി കാണുവാൻ ആഭ്യന്തര വകുപ്പിന്റെ ഇന്റെലിജെൻസ് വിഭാഗത്തിന് കഴിഞ്ഞില്ല. അക്രമികൾ തലസ്ഥാനനഗരിയെ മുൾമുനയിലാക്കി രണ്ടു ദിവസം വിളയാടി. തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഉന്നത നേതാക്കന്മാർക്ക് വരെ ഭീഷണി ഉയർന്നപ്പോൾ ഉടനടി സന്ധിചർച്ചകൾ നടത്തി. തലസ്ഥാനത്തു ജനങ്ങൾ  ഇപ്പോളും ഭീതിയിൽ തന്നെയാണ് കഴിയുന്നത്.
കോവളം കൊട്ടാരം രവിപിള്ളക്ക് നൽകാനുള്ള മന്ത്രിസഭാ തീരുമാനവും സർക്കാരിന് കളങ്കമുണ്ടാക്കി. വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തിന് എതിരെ ശക്തമായി നില കൊള്ളുകയാണ്.
മുഖ്യമന്ത്രിയുടെ മകളും , പാർട്ടി സെക്രട്ടറിയുടെ മകനും രവിപിള്ളയുടെ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്തു ഉള്ളതാണ് ഈ നിലപാട് മാറ്റത്തിനു പിന്നില്ലെന്നു ആരോപണമുയർന്നിട്ടുണ്ട്. മുൻപ് കോവളം കൊട്ടാരം സർക്കാർ അധീനതയിൽ ആയിരിക്കണമെന്ന് നിർബദ്ധം പിടിച്ച നേതാവാണ് പിണറായി വിജയൻ.
കഴിഞ്ഞ ദിവസം ബിജെപിയുമായുള്ള സമാധാനചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ “കടക്കു പുറത്ത് ” എന്ന് ആജ്ഞാപിച്ചത് , അദ്ദേഹം വീണ്ടും പാർട്ടി സെക്രട്ടറി ആയോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായി . ചർച്ചക്കെത്തിയ ബിജെപി നേതാക്കന്മാർക്ക് സ്വാഭാവികമായും ഹസ്തദാനം നൽകേണ്ടി വരും. അതെങ്ങാനും മാധ്യമങ്ങൾ ചിത്രീകരിച്ചു പുറത്തുവന്നാൽ പാർട്ടി അണികൾക്കിടയിൽ ചർച്ചയാകുമെന്ന ഭയമായിരിക്കാം മാധ്യമങ്ങളെ പുറത്താക്കിയത്.
ആദ്യ വർഷത്തെ നിരാശാജനകമായ പ്രവർത്തനങ്ങൾക്കു വന്ന ജനഹിതമായ മാറ്റങ്ങൾ തുടർന്ന് പോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീണ്ടും സെൽഫ് ഗോളുകൾ അടിക്കാതെ, നിരാശപെടുത്താതെ മുന്നോട്ടു പോകാൻ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

LEAVE A REPLY