ആർപ്പുക്കരയിലെ പ്രേതങ്ങൾ….ജലപിശാചുക്കൾ.

0
813

കോട്ടയം ജില്ലയിൽ കുറുക്കൻ കുന്ന് എന്നൊരു സ്ഥലമുണ്ട് . കേൾക്കാൻ വഴിയില്ല . ഇന്നത്തെ കോട്ടയം മെഡിക്കൽ കോളേജ് ഇരിക്കുന്ന സ്ഥലത്തിന് പണ്ട് പറഞ്ഞിരുന്ന പേരാണ് . അവിടെ നിന്നും നേരെ പടിഞ്ഞാറോട്ടു തിരിച്ചാൽ പതിനഞ്ചാം നൂറ്റാണ്ടിലെ ചുവർ ചിത്രങ്ങൾ പേറുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ എത്തും . ഇവിടുത്തെ മയിലാട്ടം പ്രശസ്തമാണ് . വീണ്ടും പടിഞ്ഞാറോട്ട് പോകാം , അവിടെ കുന്നിൻ മുകളിൽ കുന്നത്തൃക്ക ശ്രീ മഹാദേവക്ഷേത്രം ഇരിപ്പുണ്ട് . ഇനിയും പടിഞ്ഞാറോട്ടു നടന്നാൽ ചെളി ചവിട്ടും . കാരണം അപ്പർ കുട്ടനാട് തുടങ്ങുകയായി . നേരെ മുന്നിൽ മീനച്ചിലാറിന്റെ ഒരു കൈവഴിയാണ് , മീനച്ചിലാറിൽ കുടമാളൂരിലെ കല്ലേകടവിൽ തുടങ്ങി കുറച്ചു ദൂരം ആറുമായി പിണങ്ങി ഒഴുകി അവസാനം പിണക്കം മാറ്റി വീണ്ടും മീനച്ചിലാറ്റിൽ തന്നെ അവസാനിക്കുന്ന ചെറിയൊരു അരുവി . ഇതിന്റെ തീരത്താണ് ശ്രീമാൻ ഞാൻ കളിച്ചു വളർന്നത് . ചരിത്രസംഭവങ്ങൾ ഉറങ്ങിക്കിടക്കുന്ന ഏതൊരുനാട്ടിലെയും അവസ്ഥയാണ് എനിക്കും കുട്ടിക്കാലത്ത് ഉണ്ടായിരുന്നത് . മുന്നിൽ വന്നു പെടുന്ന സകല കാരണവൻമ്മാരും നമ്മെ ചരിത്രം പഠിപ്പിക്കും . അങ്ങിനെ മുൻതലമുറകളിലെ സകല ചരിത്രവും ആവാഹിച്ചെടുത്ത കുറച്ചുപേർ ( എന്റെ പിതാവ് ഉൾപ്പടെ ) എന്റെ ചുറ്റും ഉണ്ടായിരുന്നതിനാൽ കുറച്ചു കാര്യങ്ങൾ തീരെ ചെറുപ്പത്തിൽ തന്നെ പഠിക്കുവാൻ പറ്റി . പക്ഷെ നന്നേ ചെറുപ്പത്തിൽ ചെമ്പകശ്ശേരി രാജാവിന്റെ ചരിത്രത്തിൽ ആർക്കാണ് താൽപ്പര്യം ? അന്ന് എനിക്ക് താൽപ്പര്യം മറ്റൊരു വിഷയത്തിലായിരുന്നു … പ്രേതങ്ങൾ !!!

ഇത് പക്ഷെ സാരിച്ചുറ്റി പാട്ടുപാടി നടക്കുന്ന ഐറ്റംസ് അല്ല . മറിച്ച്, പുരാതന കാലത്തെ സാക്ഷാൽ ഡെമൻസ് ! . കേരളത്തിലെ ശിവക്ഷേത്രങ്ങളുടെ ശരിയായ കാലഗണന ആരെങ്കിലും തിട്ടമായി കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല , പക്ഷെ അക്കൂട്ടത്തിൽ നന്നേ പഴക്കമുള്ള ഒന്നാണ് ഞാൻ മുന്നേ പറഞ്ഞ കുന്നത്തൃക്ക ശിവക്ഷേത്രം . ഈ ക്ഷേത്രം ഇരിക്കുന്ന കുന്ന് ചെമ്പകശ്ശേരി രാജാക്കൻമാരുടെ കാലത്ത് ഒരു തടവറയായിരുന്നു എന്നാണു പറച്ചിൽ . തടവറക്ക്‌ ചുറ്റും വൻകിടങ്ങുകൾ . ഈ ക്ഷേത്രത്തിന് ചുറ്റും ഇന്നുള്ള വഴികൾ സത്യത്തിൽ ആ കിടങ്ങുകളാണ് . ഈ തടവറയുടെ സംരക്ഷണത്തിനും , തടവുകാരുടെ ആരാധനാവശ്യങ്ങൾക്കുമായി ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് ചിലർ പറയുന്നുണ്ടെങ്കിലും എന്റെ അഭിപ്രായത്തിൽ ഇതിന് അതിലും നന്നേ പഴക്കമുണ്ട് . തകർന്ന് കിടന്ന ക്ഷേത്രത്തിൽ വീണ്ടും ആരാധനകൾ തുടങ്ങിയിട്ട് ഒരു മനുഷ്യായുസ് പോലും ആയിട്ടില്ല . എന്റെ ചെറുപ്പത്തിൽ സ്‌കൂൾ വിട്ട് ഈ വഴി വരുമ്പോൾ ഒറ്റയ്ക്കാണെങ്കിൽ സാധാരണ ഓടാറായിരുന്നു പതിവ് . കാരണം മറ്റൊരുന്നുമല്ല , വഴിയിൽ ചിലപ്പോൾ എന്തെങ്കിലും കണ്ടേക്കാം !

സന്ധ്യമയങ്ങുന്ന സമയം . കത്തിച്ചു പിടിക്കാൻ ചൂട്ടുകറ്റകൾ ഒന്നും ഉണ്ടാവില്ല നമ്മുടെ കാരണവൻമ്മാർക്ക് . പേടി മാറ്റാൻ ഉച്ചത്തിൽ വർത്തമാനം പറഞ്ഞു പോകലാണ് പതിവ് . പക്ഷെ കുന്ന് കയറുമ്പോൾ ചെറുതായൊന്ന് വിറയ്ക്കും . തകർന്നു കിടക്കുന്ന അമ്പലം , തടവ് പുള്ളികളുടെ രോദനം …. എല്ലാം മനസ്സിലൂടെ മിന്നായം പോലെ കടന്നുപോകും . അപ്പോഴതാ വഴിയുടെ അരികെ കുറച്ചു പുല്ലൊക്കെ വളർന്നു നിൽക്കുന്ന സ്ഥലത്ത് ഒരു കാള കിടക്കുന്നു ! നല്ല വെളുപ്പ് നിറത്തിൽ ഒരു കൂറ്റൻ മൃഗം . മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ അത് പതുക്കെ എഴുന്നേറ്റു . ഈശ്വരാ ഒരാനയുടെ വലിപ്പം ! പിന്നൊന്നും നോക്കാനില്ല മുണ്ടുമടക്കി ഒരൊറ്റയോട്ടം. ഒന്ന് പിന്നോക്കം നോക്കിയാലോ … അതാ വരുന്നു ആ മൃഗം പിറകെ ! കുന്നിറങ്ങികഴിഞ്ഞാൽ പിന്നെ അതിനെ കാണില്ല . ഏതാണാമൃഗം ? മറ്റാര് ? സാക്ഷാൽ നന്ദികേശൻ തന്നെ ! ഈ പുരാണം കേട്ടിട്ടുള്ള കുഞ്ഞു ജൂലിയസ് ആ വഴി എങ്ങിനെ നടന്നു പോകും ? കണ്ണും പൂട്ടി ഓടുക അത്ര തന്നെ .

പിതാമഹൻമ്മാർ ചില കാര്യങ്ങളിൽ വളരെ ടഫ് ആയിരുന്നു . വെള്ളം പൊങ്ങികിടക്കുമ്പോൾ അസാമാന്യ ഒഴുക്കാണ് ആറ്റിൽ . രണ്ടു പേർക്ക് കഷ്ടിച്ചു ഇരിക്കാവുന്ന കൊച്ചുവള്ളത്തിൽ ഒരു തുഴയും തന്ന് ഇരുത്തിയിട്ട് വള്ളം ആറ്റിലേക്ക് ഒരൊറ്റ തള്ളാണ് . നൂല് പൊട്ടിയ പട്ടം പോലെ ആറിന്റെ നടുക്ക് ഞാനും വള്ളവും ഒരു തുഴയും ! കരയിൽ നിന്ന് വല്യപ്പൻ പറയും – ” എടാ ഇനി തന്നെ തഴഞ്ഞു പോരെ “. എന്താണ് സംഭവം ? ആള് എന്നെ വള്ളം ഊന്നാൻ പഠിപ്പിക്കുവാണ് ! വല്യപ്പൻ ഇങ്ങനെ ആണെങ്കിൽ മകൻ ഒട്ടും കുറയ്ക്കാൻ പറ്റില്ലല്ലോ . വെള്ളത്തിൽ മുങ്ങിക്കിടക്കാൻ എനിക്ക് പേടിയായിരുന്നു . ഒരു ദിവസം കടവിൽ കുളിച്ചോണ്ടിരുന്ന എന്റെ പിറകിൽ വന്ന് പപ്പാ മുടിക്കുത്തിന് പിടിച്ചു ഒരൊറ്റ മുക്കിപ്പിടി ! കാൽമിനിറ്റിനകം ജലത്തിൽ നിന്നുയർന്നുവന്ന ജൂലിയസ് പിന്നെ ജീവിതത്തിൽ ജലത്തെ പേടിച്ചിട്ടില്ല . ഇത്രയും പറഞ്ഞത് ഇനി പറയാൻ പോകുന്ന പ്രേതങ്ങൾ ജലപിശാചുക്കളാണ് ! മാംസം മാത്രം ഭക്ഷിക്കുന്ന ഒരു പുരാതന സത്വത്തിന്റെ കഥ അടുത്തഭാഗത്തിൽ !

കൂട്ടത്തിൽ ആർപ്പുക്കരയിലെ അന്യഗ്രഹജീവികളുടെ സാന്നിധ്യം കൂടി പറയാം . അങ്ങു ചിക്കാഗോയിലായിരുന്ന വല്യമ്മച്ചി നാട്ടിൽ തിരികെയെത്തിയ ശേഷമാണ് നാട് പുരാണങ്ങളുടെ ബാക്കിഭാഗങ്ങൾ ഞാൻ ചികഞ്ഞെടുത്ത് . ഒരു ദിവസം വൈകിട്ട് മുറ്റത്തെ പേരയുടെ മുകളിലെ കൊമ്പിൽ ടേപ്പ് റെക്കോർഡർ കൊണ്ട് വെച്ച് പാട്ട് കേട്ട് സുഖിച്ചിരിക്കുമ്പോൾ അമ്മച്ചിയിറങ്ങി വന്ന്‌ കൂടെ കൂടി . എന്നിട്ടൊരു ചരിത്രപരമായ കമന്റ് പാസാക്കി . ” എടാ പണ്ട് നിന്റെ അപ്പൂപ്പന്റെ കൂടെ രാത്രി പാടത്ത് നെല്ലിന് കാവലിരിക്കാൻ വരമ്പത്ത് ചെറിയ പെരയിൽ കിടക്കുമ്പോൾ ആകാശത്തൂടെ ഇതുപോലെ പാട്ട് ഒഴുകിപ്പോകും . ഞങ്ങൾ പല തവണ ഇറങ്ങി നോക്കിയിട്ടുണ്ട് . അങ്ങ് മുകളിൽ നിന്നാണ് വരുന്നത് പാട്ടല്ല എന്തോ ഒന്ന് വായിക്കുന്നത് പോലെയാണ് തോന്നുക . ചാച്ചൻ പറഞ്ഞത് ഗന്ധർവ്വൻമാരാണെന്നാ ! ” തലയിൽ പൂവുള്ള , കൂവുന്ന പൂവൻ പാമ്പിനെ (കരിങ്കോളി ) നേരിട്ട് കണ്ടയാളാണ് ഈ അമ്മച്ചി ! എന്തായാലും ഈ പാട്ടൊന്നു കേൾക്കാൻ കുറെ പയറ്റി നോക്കി . പക്ഷെ കേട്ടത് വേറെ ശബ്ദമാണ് സാക്ഷാൽ കാലൻകോഴിയുടെ അലർച്ച !

തുടരും ……………………..

LEAVE A REPLY