തലസ്ഥാനത്ത് ബി.ജെ.പി -സി.പി.എം  അക്രമം , നേതാക്കൾക്ക് പൊള്ളിയപ്പോൾ അടിയന്തിര നടപടി… സാധാരണക്കാരന്റെ സ്വത്തിനും ജീവനും വിലയില്ല 

0
2533
കഴിഞ്ഞ ദിവസം തലസ്ഥാനത്തു ബി.ജെ.പി -സി.പി.എം പ്രവർത്തകർ ഒരു രാത്രി മുഴുവൻ അക്രമം അഴിച്ചുവിട്ടു. ഒട്ടേറെ ആളുകൾക്ക് പരിക്ക് പറ്റുകയും , വീടുകളും ,വാഹനങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. മുൻപ് സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അരങ്ങേറിയിട്ടുണ്ട് . എന്നാൽ അവിടെയെല്ലാം നേതാക്കളെത്തി അണികൾക്ക് ഊർജ്ജം പകർന്നു , തുടർ അക്രമങ്ങളും, കൊലവിളികളും നടക്കാറുണ്ട്. ഇതിൽ എല്ലാം ബലിയാടാവുന്നത് സാധാരണ പ്രവർത്തകരാണ്.
എന്നാൽ തലസ്ഥാനത്ത് അക്രമം മൂർച്ഛിച്ചു ബി.ജെ.പി സംസ്ഥാന ഓഫീസിനും, സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ വീടിനു നേരെയും എത്തിയപ്പോൾ ഇരു പാർട്ടികളുടെയും നേതാക്കന്മാർക്ക് പൊള്ളി. തങ്ങളുടെ ശരീരത്തിന് നോവുമെന്നു മനസിലായപ്പോൾ അടിയന്തിര നടപടികൾ.
ഇരു കൂട്ടരും പ്രതികളെ പോലീസിന് കൈമാറുന്നു. ബി.ജെ.പി ഓഫീസ് ആക്രമിച്ച പ്രവർത്തകരെ സി.പി.എം സസ്‌പെൻഡ് ചെയ്യുന്നു. പരസ്പരം ആക്രോശങ്ങളില്ല.. കൊലവിളികളില്ല . അടിയന്തരമായി സമാധാനവും ,ഒത്തുതീർപ്പുകളും….. ഒരു ബി.ജെ.പി ഓഫീസ് ആക്രമിച്ചതിന് ഇത്രയും വേഗതയിൽ സസ്‌പെൻഷൻ കിട്ടുന്ന നേതാക്കളായിരിക്കും ഐ.പി ബിനുവും കൂട്ടരും.
യഥാർത്ഥത്തിൽ ഇങ്ങനെയാവണം രാഷ്ട്രീയപാർട്ടികൾ .. പക്ഷെ അത് നേതാക്കൾക്ക് പൊള്ളുമ്പോൾ മാത്രമായിരിക്കരുത്… നേതാവായാലും, സാധാരണ പ്രവർത്തകനായാലും വേർപാടും,വേദനയും, നഷ്ടങ്ങളും ഉണ്ടായാൽ അതിനു തുല്യ വിലയാണെന്ന് മനസിലാക്കണം.സംസ്ഥാന കമ്മറ്റി നേതാക്കളും , ലോക്കൽ നേതാക്കളും മനുഷ്യരാണ്. ഓരോ കുടുംബത്തിന്റെയും നാഥന്മാരാണ് .
കോൺഗ്രസ്സ്  ആയാലും , ബി.ജെ.പി ആയാലും, സി.പി.എം ആയാലും കേരളത്തിൽ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു.കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ പ്രബുദ്ധരുടെ നാടെന്നു അഭിമാനിക്കുന്നവർ ഒന്ന് മനസിലാക്കുക. ലോകം മാറി കഴിഞ്ഞു. കാലഘട്ടത്തിനു ഒപ്പം മാറാൻ ശ്രമിക്കണം.
നേതാക്കന്മാർ ഒന്ന് മനസ്സിലാക്കണം, മുൻകാലങ്ങളിൽ എന്ത് അക്രമം നടന്നാലും പ്രമുഖ നേതാക്കൾക്ക് ശരീരം നോവാറോ , സംസ്ഥാന കമ്മറ്റി ഓഫീസുകൾ അക്രമിക്കപെടുകയോ ചെയ്യാറില്ലായിരുന്നു. എന്നാൽ പുതുതലമുറ ആ ചരിത്രം തിരുത്തുകയാണ്. തങ്ങൾക്കു നൊന്താൽ ആ നോവ് നേതാക്കന്മാരും അറിയണമെന്ന് അവർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അക്രമങ്ങൾക്കു ആഹ്വാനം ചെയ്തിട്ടു നേതാക്കന്മാർ വീട്ടിൽ കിടന്നുറങ്ങുമ്പോൾ അവിടെയും കൊലകത്തിയുമായി ഇനി ആളുകൾ എത്താൻ സാധ്യതയുണ്ട് .ജീവന്റെ വില എല്ലാവർക്കും തുല്യമാണ്.
അതുകൊണ്ട് അക്രമരാഷ്ട്രീയം അവസാനിപ്പിച്ച് , ആശയസമരങ്ങൾക്കു നേതൃത്വം നൽകുക. അല്ലെങ്കിൽ നേതാക്കളും ഏറെ വിലകൊടുക്കേണ്ടി വരും..കാലം മാറിയിരിക്കുന്നു .

LEAVE A REPLY