തൃശൂർ എം.പിയും , ഒല്ലൂർ എം.എൽ.എയും ദേശീയപാതയിൽ വിത്തെറിഞ്ഞ് 100 മേനി വിളയിക്കാൻ സാധ്യത !!!

0
2805
തൃശൂർ : കേരളത്തിലെ തരിശു നിലങ്ങൾ കണ്ടെത്തി കൃഷിയിറക്കി വൻ വിളവുണ്ടാക്കി കൃഷിവകുപ്പ് പെരുമ നേടിയിരിക്കുകയാണ്  തൃശൂർ എം.പി യും ,ഒല്ലൂർ എം.എൽ.എയും കൃഷി മന്ത്രിയുടെ പാർട്ടിക്കാരനാണ്. തരിശു നിലങ്ങൾ ഇല്ലാത്തതു കൊണ്ട് നെൽക്കൃഷിയിറക്കാൻ ദേശീയപാത ഒരുക്കിയെടുക്കാൻ ശ്രമിക്കുകയാന്നെന്നു തോന്നി പോകുന്നു.
കേരളത്തിലെ ഏറ്റവും മോശമായ റോഡ് ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ … തൃശൂർ -വടക്കഞ്ചേരി ദേശീയ പാത .മഴക്കാലമായതോടെ റോഡ് ഏതാണ് തോട് ഏതാണ് എന്ന് തിരിച്ചറിയാൻ പറ്റാതായി . ഈ റോഡിലൂടെ യാത്ര ചെയ്താൽ വീട്ടിൽ തിരിച്ചെത്തുമെന്ന ഉറപ്പുമില്ല. മരണം പതിയിരിക്കുന്ന പേടിസ്വപ്നമായി ഈ റോഡ് മാറിക്കഴിഞ്ഞു.
ഇനി ഏതെങ്കിലും പ്രമുഖ ജനപ്രതിനിധി അപകടത്തിൽപെട്ടാൽ മാത്രമേ അധികൃതർ ഉണരുകയുള്ളു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ആറുവരി പാതയുടെ പണി ഒച്ചിന്റെ വേഗതയിൽ നടന്നു വരുന്നു.  കോടികൾ മുടക്കിയുള്ള കുതിരാൻ  ടണൽ ഉൾപ്പെടെയുള്ള പദ്ധതി , കോടികളുടെ അഴിമതിയിലും കുപ്രസിദ്ധി നേടിക്കഴിഞ്ഞു.
ഈ വഴികളിൽ ഒരു സ്ഥിരയാത്രികനാണ് എങ്കിൽ അയാൾ ഒരു രോഗിയുമായി മാറി കഴിഞ്ഞിരിക്കും. റോഡ് നീളെയുള്ള കുണ്ടു കുഴികൾ മരണകെണികളാണ് . നാളിതുവരെ നിർമാണ വേളയിൽ ഒട്ടേറെ ജീവൻ ഇവിടെ നഷ്ട്ടപെട്ടു കഴിഞ്ഞു. നിർമാണത്തിലെ അപാകതകൾ മൂലം പണി പൂർത്തിയായ സ്ഥലങ്ങളിൽ പോലും കനത്ത മഴയിൽ അഗാധഗർത്തങ്ങളുണ്ടായി , അതിൽ വീണ് രക്തസാക്ഷികൾ ആയവരും,ജീവിതകാലം മുഴുവൻ നരകിക്കാൻ വിധിക്കപ്പെട്ടവരും ഏറെയാണ്.
ആ രക്തസാക്ഷികളുടെ ചോര അടിവളമാകുമ്പോൾ ഇവിടെ കൃഷിയിൽ 100 മേനി ഉറപ്പാണ്. ചളിയും ,കുഴിയും നിറഞ്ഞ സ്ഥലങ്ങളിൽ നെൽകൃഷി നടത്തിയാൽ നല്ല വിളവും, വാഹനങ്ങൾ വഴിമാറി പോയി അപകടവും കുറയും. ഒട്ടേറെ വാഹനങ്ങൾ ഇപ്പോൾ ചേലക്കര വഴിയാണ് പോകുന്നത്. മഴക്കാലമായാൽ മന്ത്രിമാരും, ജനപ്രതിനിധികളും ആ വഴിയാണ് യാത്ര.
കുറ്റപ്പെടുത്തൽ എന്ന് തോന്നുന്നെങ്കിൽ ഇതു കുറ്റപ്പെടുത്തൽ തന്നെയാണ്. കേരളത്തിലെ മറ്റേതു ജനപ്രതിനികളുടെ നാട്ടിലും ഇത്തരത്തിലുള്ള ഒരു റോഡ് നിർമാണം ആരും അനുവദിക്കില്ല. എത്ര ജീവൻ പൊലിഞ്ഞു … എത്ര പേരുടെ ജീവിതം ഇരുളടഞ്ഞു …. ഇനി നിങ്ങൾ കണ്ണ് തുറക്കാൻ ജനം എത്ര നാൾ കാത്തിരിക്കണം. മഴക്കാലം വരുമെന്നറിഞ്ഞിട്ടും അതിനു മുമ്പായി നിലവിലുള്ള റോഡുകൾ ടാർ ചെയ്യിക്കാൻ നിങ്ങൾ മുൻകൈ എടുക്കാത്തതു എന്ത് കൊണ്ടാണ് ???
യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് നിർമാണ പ്രവർത്തികൾ നടന്നു വരുന്നത്. രാത്രി കാലങ്ങളിലും , മഴയത്തും അപകടങ്ങൾ നിത്യസംഭവമാണ്.ഒരു ദേശീയപാതയുടെ ആവശ്യമായ നിലവാരം ഇല്ലാതെയാണ് നിർമാണം നടന്നു വരുന്നത്. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തെ മണ്ണ് പോലും ഉപയോഗിച്ചാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത് . നിർമാണത്തിലെ അഴിമതികൾക്കു കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കുണ്ടെന്നു നാട്ടിൽ പാട്ടാണ്. ഉദ്യോഗസ്ഥൻമാരും കൃത്യമായി അഴിമതിയുടെ പങ്ക് കൈപറ്റി കരാറുകാർക്ക് എന്ത് ക്രമക്കേട് നടത്താനും കുടപിടിക്കുകയാണ് .
നമ്മുടെ നാട്ടിൽ അഴിമതി സാർവത്രികം ആണ് .. അത് തടയാൻ ജനങ്ങൾക്കാകില്ല. പക്ഷെ റോഡിൽ യാത്ര ചെയ്യുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എംപിയും എം.എൽ.യും ഉൾപ്പെടെയുള്ള ജനപ്രധിനിതികൾ തയ്യാറാവണം. ഈ വിഷയങ്ങളിൽ ഇടപെടാതിരുന്ന  മുൻ എം.എൽ.എ.യും പാർട്ടിയെയും ജില്ലയിൽ ജനങ്ങൾ തൂത്തെറിഞ്ഞത് ഓർമ  വേണം. കാലം നിങ്ങൾക്കും മാപ്പു നൽകിയെന്ന് വരില്ല.
കരാറുകാരുടെ നിർമാണക്രമക്കേടുകൾക്ക് തുടരുമ്പോൾ  ഇനിയും ആരുടേയും ജീവൻ ഇവിടെ പൊളിയാതിരിക്കട്ടെ….

LEAVE A REPLY