മുഖച്ഛായ മിനുക്കി പിണറായി സർക്കാർ :ദിലീപിന്റെ അറസ്റ്റ്  , നഴ്സിംഗ് സമരം 

0
2163
പിണറായി സർക്കാരിന്റെ തുടക്കം നിരാശാജനകമായ മാറുന്ന കാഴ്ച്ചയായിരുന്നു ഏറെ പ്രതീക്ഷ അർപ്പിച്ച ജനങൾക്ക് നൽകിയത്. തുടക്കത്തിലെ തന്നെയുള്ള ചില മന്ത്രിമാരുടെ എടുത്തുചാട്ടവും, സ്വജനപക്ഷപാതവും സർക്കാരിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കി. ഒരു ചാനലിന്റെ വക്രബുദ്ധിയിൽ ഒരു മന്ത്രി കുടുങ്ങിയതോടെ  സർക്കാരിനെതിരെ ജനരോഷമുയർന്നു തുടങ്ങി.  കേരളത്തിലെ പോലീസ് നിഷ്ക്രിയമാണെന്നും ,മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ യോഗ്യനല്ലെന്നും അഭിപ്രായം വരെ ഉയർന്നുവന്നു. നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഗൂഡാലോചന നടന്നിട്ടിലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഏറെ വിവാദമായി.
എന്നാൽ കഴിഞ്ഞ ഒരു മാസമായി മുഖ്യമന്ത്രി  പിണറായി വിജയൻറെ നിലപാടുകളും , നടപടികളും സർക്കാരിന്റെ യശസ്സ് ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം ഉയർന്നു കഴിഞ്ഞു. ” എല്ലാം ശരിയാകും ” എന്ന ചിന്ത ജനമനസുകളിൽ തോന്നി തുടങ്ങി.
നടിയെ പീഡിപ്പിച്ച കേസിൽ ജനപ്രിയ താരത്തിനെ അറസ്റ് ചെയ്തു ജയിലിൽ അടച്ച നടപടി  മുഖ്യമന്ത്രി  പിണറായി വിജയനും  ആഭ്യന്തര വകുപ്പിനും ഏറെ പ്രശംസ നേടി കൊടുത്തു . പ്രതി എത്ര ഉന്നതനായാലും പിടിക്കപ്പെടുമെന്ന നിലപാട് ജനങ്ങളിൽ കൂടുതൽ സുരക്ഷാബോധം ഉണ്ടാക്കാൻ വഴിതെളിച്ചു. സർക്കാരുമായി അടുത്ത ബന്ധമുള്ള സിനിമാലോകത്തെ പ്രമുഖർ ഏറെ സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി വഴങ്ങിയില്ല , ദിലീപ് അഴിക്കുള്ളിലായി.
തന്റെ കടുത്ത നിലപാടിലൂടെ  മുഖ്യമന്ത്രി ഏറെ പ്രശംസ നേടിയ വിഷയമാണ് നഴ്സിങ് സമരം.  തങ്ങൾ ചെയ്യുന്ന ജോലിക്ക് ന്യായമായ ശമ്പളം ആവശ്യപെട്ട് നഴ്സുമാർ നടത്തിയ സമരത്തെ അവഞ്ജയോടെ കണ്ടില്ലെന്നു നടിച്ചു , അടിച്ചൊതുക്കാനാണ് ആശുപത്രി മാനേജുമെന്റുകൾ ശ്രമിച്ചത്. എന്നാൽ ജാതി-മത- കോർപറേറ്റ് ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ , ന്യായമായ ശമ്പളം നല്കാൻ സർക്കാർ തീരുമാനമെടുത്താണ് സമരം ഒത്തുതീർപ്പാക്കിയത് . ലക്ഷകണക്കിന് കുടുംബങ്ങൾക്കാണ് ഈ ശമ്പള വർദ്ധനവ് ഗുണം ചെയ്യുക.
ഈ രണ്ടു വിഷയങ്ങളിലും യു .ഡി.എഫ് സർക്കാർ ആണെങ്കിൽ ഇത്തരമൊരു നടപടികൾ ഉണ്ടാകില്ലെന്ന് ജനങ്ങൾക്കറിയാം. നടിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ നടനെ രക്ഷിക്കാനും, നഴ്സിംഗ് സമരത്തിൽ    ജാതി-മത- കോർപറേറ്റ് ശക്തികളെ സംരക്ഷിക്കാനും , സർക്കാരിനെ സമർദ്ദത്തിലാക്കാൻ നേതാക്കന്മാർ മത്സരിക്കും.
ഒരു പരിധി വരെ ബാർ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനവും ജനങ്ങൾ അംഗീകരിക്കുകയാണ് ചെയ്തത്.  ബാറിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള മതസംഘടനകളുടെ തീരുമാനവും അണികൾ തള്ളികളഞ്ഞു. കേരളത്തിൽ മുൻ സർക്കാരിന്റെ കാലത്തിനേക്കാൾ താഴെത്തട്ടിൽ  അഴിമതി കുറഞ്ഞതായും ജനങ്ങൾ കരുതുന്നു.
മുഖ്യമന്ത്രി  പിണറായി വിജയന്റെ ശക്തമായ തീരുമാനങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ ജനപ്രീതി ഉയർത്താൻ കഴിഞ്ഞു. ബാഹ്യശക്തികളുടെ ഇടപെടലുകൾ ഇല്ലാതെ, മന്ത്രിമാരെ നിലക്കുനിർത്തി മുന്നോട്ടു പോയാൽ “എല്ലാം ശരിയാകും”.

LEAVE A REPLY