ഓര്‍മയായത് പുന:രേകീകരണത്തിന്റെ ശില്‍പ്പി

0
151

ബെര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലറും ജര്‍മന്‍ പുന:രേകീകരണത്തിന്റെ ശില്‍പ്പിയും യൂറോപ്യന്‍ ഐക്യത്തിന്റെ ശക്തനായ വക്താവുമായിരുന്നു അന്തരിച്ച ഹെല്‍മുട്ട് കോള്‍ എന്ന് നേതാക്കള്‍ അനുസ്മരിച്ചു.

1982 മുതല്‍ 1998 വരെയാണ് കോള്‍ ജര്‍മന്‍ ചാന്‍സലറായിരുന്നത്. യുദ്ധാനന്തര ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ കാലം ഈ സ്ഥാനത്തിരുന്നതിന്റെ റിക്കാര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ തന്നെ.

കോളും ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ മിറ്ററാങ്ങും ചേര്‍ന്നാണ് യൂറോ പൊതു കറന്‍സി ഏര്‍പ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എല്ലാ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ക്ലോദ് ജുങ്കര്‍ നിര്‍ദേശം നല്‍കി.

ആഴമേറിയ ദുഃഖമാണ് കോളിന്റെ നിര്യാണം തനിക്കു നല്‍കുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ജര്‍മന്‍ പുന:രേകീകരണവും യൂറോപ്യന്‍ ഐക്യവുമാണ് ജര്‍മന്‍ രാഷ്ട്രീയത്തിന് കോള്‍ നല്‍കിയ ഏറ്റവും മഹത്തായ സംഭാവനകളെന്ന് മെര്‍ക്കല്‍ അനുസ്മരിച്ചു. റോമിലേക്കുള്ള യാത്രമധ്യേയാണ് മെര്‍ക്കല്‍ കോളിന്റെ മരണവാര്‍ത്തയറിഞ്ഞത്. മെര്‍ക്കല്‍ പിന്നീട് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ഒരു വലിയ രാജ്യതന്ത്രജ്ഞന്‍ ആയിരുന്നു ഹെല്‍മുട്ട് കോള്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ അനുസ്മരിച്ചു. മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പാ കോളിനെ അനുസ്മരിച്ചത്. സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ സുഹൃത്തും യുദ്ധാനന്തര യൂറോപ്പിലെ ഏറ്റവും മഹാന്‍മാരായ നേതാക്കളിലൊരാളുമായിരുന്നു കോള്‍ എന്ന് യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു.

യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ പ്രത്യേകിച്ച് ജര്‍മന്‍ രാഷ്ട്രീയത്തിലെ ഒരു മഹാനുഭാവന്‍ എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ കോളിനെപ്പറ്റി അനുസ്മരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍, ജര്‍മന്‍ മുന്‍ചാന്‍സലര്‍ ഗേഹാര്‍ഡ് ഷ്രൊയ്ഡര്‍, ഉപചാന്‍സലര്‍ സീഗ്മാര്‍ ഗാബ്രിയേല്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നത്യാനിയാവു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, മുന്‍ ജര്‍മന്‍ പ്രസിഡന്റ് ഗൗക്ക് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ കോളിന്റെ വേര്‍പാടില്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

LEAVE A REPLY